..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

മമ്മി

>> Friday, July 31, 2009


കോഴിക്കുഞ്ഞ് കുറുക്കന്റെ മുല കുടിക്കുന്ന നാള്‍
എന്റെ ബീജത്തില്‍ നിന്ന് അമ്മയില്ലാതെ ഒരു പെണ്‍കുട്ടി ജനിക്കും.
എന്റെ മകള്‍ക്ക് പേറ്റുനോവിന്റെ കഥ പറഞ്ഞു കൊടുക്കാന്‍
ഞാന്‍ തള്ളക്കോഴിയെ ഗസ്റ്റ്‌ ലക്ചറര്‍ ആക്കും.
മുലയില്ലാത്ത ആ കോഴി,പാല്‍ തീര്‍ന്നതറിയാതെ ചോര ചുരത്തിയ
ഒരമ്മയുടെ കഥ പറഞ്ഞുകൊടുക്കും.
സ്വന്തം മൂത്രത്തിലൂടെ അവള്‍ കണ്ണീരിന്റെ രുചി അറിയും.
എങ്കിലും ഈ ഭൂമിയില്‍ ജനിക്കാന്‍ കഴിഞ്ഞ അവളുടെ ഭാഗ്യമോര്‍ത്തു
എന്നോ മരിച്ച ഒരച്ഛന്‍ വായ കൊണ്ട് കരയും.
പിന്നെയും ഇവിടെ പെണ്‍കുട്ടികള്‍ ജനിച്ചു കൊണ്ടേയിരിക്കും.
പക്ഷെ..

Read more...

റീ ഫില്‍

>> Wednesday, July 29, 2009


വിശ്വാസം:

ഹൃദയമിടിപ്പ്‌ തൊട്ടറിഞ്ഞവള്‍
എനിക്കായ്‌ നൂറുകണക്കിന് പ്രണയലേഖനങ്ങളെഴുതിയവള്‍
നൂറുകണക്കിന് പരീക്ഷകള്‍ നേരിട്ടവള്‍
എനിക്കായ്‌ നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്നവള്‍
ഒടുവല്‍ തുപ്പല്‍ തീര്‍ന്നപ്പോള്‍
തൊണ്ട വരണ്ടപ്പോള്‍
എഴുത്ത്‌ നിന്നപ്പോള്‍
കുടല്‍മാല ഊരി വലിച്ചെറിഞ്ഞു.


തിരിച്ചറിവ്:

പക്ഷെ ഇന്ന് ഞാനറിയുന്നു
എഴുതി തീരാന്‍ മത്സരിക്കുന്ന ബോള്‍ പേനയല്ല
നിറഞ്ഞുകൊണ്ടേയിരിക്കുന്ന ഫൌണ്ടന്‍ പേനയാണ്‌ പെണ്ണ്
തെളിമയുള്ള കണ്ണുള്ളവള്‍
ഭൂമിക്കു ഭാരമല്ലാത്തവള്‍

Read more...

കാന്‍സര്‍ പകരുമോ?

>> Wednesday, July 22, 2009


മണ്ണെണ്ണ വിളക്കിന്റെ കരുണയില്‍ അവന്‍ എഴുതിയ കത്തുകളില്‍
കണ്ണീരു പറ്റാറുണ്ടായിരുന്നു.
പ്രണയത്തിന്റെ ലഹരിയില്‍ കത്തുകള്‍ വാരിപ്പുണരുമ്പോള്‍
അവള്‍ അറിഞ്ഞിരുന്നില്ല അവനു കാന്‍സറുണ്ടെന്ന്.
പക്ഷെ,ഇപ്പോള്‍ സംശയം
കണ്ണീരിലൂടെ കാന്‍സര്‍ പകരുമോ?
വിയര്‍പ്പിന്റെ ആര്‍ദ്രതയില്‍ അവന്റെ പുറത്തു
ചിത്രപ്പണികള്‍ തീര്‍ക്കുമ്പോഴും
അവള്‍ അറിഞ്ഞിരുന്നില്ല അവനു കാന്‍സറുണ്ടെന്ന്.
പക്ഷെ,ഇപ്പോള്‍ സംശയം
വിയര്‍പ്പിലൂടെ കാന്‍സര്‍ പകരുമോ?
വാട്ടര്‍ ബോട്ടിലിന്റെ വായയില്‍ തുപ്പല്‍ പുരട്ടി
പങ്കുവെക്കലിന്റെ സുഖം ആദ്യമായ്‌ അറിഞ്ഞപ്പോഴും
അവള്‍ അറിഞ്ഞിരുന്നില്ല അവനു കാന്‍സറുണ്ടെന്ന്.
പക്ഷെ,ഇപ്പോള്‍ സംശയം
തുപ്പലിലൂടെ കാന്‍സര്‍ പകരുമോ?

കവിളുകളില്‍ ചുവപ്പന്‍ ചുംബനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
പാന്‍പരാഗിന്റെ ചുവയില്‍ അവന്‍ കൊടുത്ത ചുംബനങ്ങള്‍
പാന്‍പരാഗിന്റെ ലഹരിയില്‍ ആയിരുന്നില്ല.
ലഹരി അവന്റെ ചുണ്ടുകളെ കാര്‍ന്നുതിന്നപ്പോള്‍
അവള്‍ക്കു സംശയമായ്‌
കാന്‍സര്‍ പകരുമോ?

Read more...

തിരുമുറിവ്

>> Tuesday, July 21, 2009


കുട്ടപ്പനു കേരളവുമായി ഒരു ബന്ധവുമില്ല കേട്ടോ.എന്താ?കുട്ടപ്പന്‍ എന്നാ പേര് കേട്ടിട്ടാണോ സംശയം?എന്നാല്‍ നമുക്കിവനെ ജോസഫ്‌ അല്ബെര്‍ടോ ലൂയിസ് റൊമാരിയോ കിംഗ്‌ ജൂനിയര്‍ എന്ന് വിളിക്കാം.എന്തേ?കുട്ടപ്പന്‍ മതിയല്ലേ?അടുത്ത സംശയം കുട്ടപ്പന്‍ ആരുടെ ആളാ എന്നായി.അവനെ കുട്ടപ്പന്‍ ജോസഫ്‌ എന്ന് വിളിക്കണോ?മുഹമ്മദ്‌ കുട്ടപ്പന്‍?കുട്ടപ്പന്‍ രാമകൃഷ്ണന്‍?കുട്ടപ്പന്‍ സിംഗ്?നമുക്ക്‌ അവനെ ആദ്യം പറഞ്ഞ പേരില്‍ തളച്ചിടാം.

കുട്ടപ്പന്റെ നാട്ടില്‍ വെളുത്ത കാക്കകളും കറുത്ത കൊക്കുകളുമായിരുന്നു.കൊക്കായി മാറി കാക്കയായി പറക്കാനായിരുന്നു കുട്ടപ്പന്റെ ആഗ്രഹം.കറുത്ത മഷി കൊണ്ട് വെളുത്ത പേപ്പറില്‍ അവന്‍ കുറിച്ചിട്ട വാക്കുകള്‍ കവിതകളാണെന്നു ജനം പറഞ്ഞു.കുട്ടപ്പന്‍ വലിച്ചെറിഞ്ഞ വാക്കുകള്‍ക്ക്‌ കോടികള്‍ വില വന്നു.വാരികകളും മാസികകളും കുട്ടപ്പന്റെ ഒരു വാക്യത്തിനു താളുകള്‍ ഒഴിച്ച് വെച്ചു.കുട്ടപ്പന്റെ ചിത്രമില്ലാതെ പത്രങ്ങള്‍ ഇറങ്ങില്ലെന്നായി.കുട്ടപ്പന്റെ കവിതകള്‍ കുട്ടപ്പന്റെ തന്നെ തുപ്പല്‍ മഷിയിലൂടെ പുറത്ത്‌ വന്നപ്പോള്‍ മാസികകളുടെയും വാരികകളുടെയും ജോലി റേഡിയോയും ടി.വി.യും ഏറ്റെടുത്തു.'കുട്ടപ്പന്റെ കവിതകള്‍' എന്ന പേരില്‍,കുട്ടപ്പന്‍ തന്നെ എഴുതി കുട്ടപ്പന്‍ തന്നെ കമ്പോസ്‌ ചെയ്ത് കുട്ടപ്പന്‍ തന്നെ പാടിയ കവിതകള്‍ ഉള്‍ക്കൊള്ളിച്ച് ഇറങ്ങിയ സി.ഡി. ലക്ഷക്കണക്കിന്‌ കോപ്പികള്‍ വിറ്റുപോയി.അതിനനുസരിച്ച് തന്നെ കുട്ടപ്പന്റെ പുതിയ കറുത്ത പെയിന്റ് അടിച്ച വീടും പൂര്‍ത്തിയായി.എല്ലാ പ്രമുഖ വേദികളും കുട്ടപ്പനായി കസേരകള്‍ മാറ്റി വെച്ചു. വേദികള്‍ കയറി ഇറങ്ങുംതോറും ഓന്തിനെ പോലെ കുട്ടപ്പനും മാറി.അതിനിടെ ഒരു പ്രശസ്ത കമ്പനി കുട്ടപ്പന്റെ പേരിനു തന്നെ പേറ്റന്റ് എടുത്തു.

രണ്ടു കുട്ടികളുടെ അച്ഛനായ ശേഷം കുട്ടപ്പനൊരു മോഹം തോന്നി.ഒരു കല്യാണം കഴിക്കണം.ഒന്ന് കെട്ടിയ ഉടന്‍ ട്ടേ! എന്നുപറഞ്ഞ്‌ ഒന്നുകൂടെ കെട്ടി.ഒന്നിന് രണ്ടു വെച്ച നാല് കുട്ടികളുമായി.തലയും ശരീരവും മറച്ച മൂന്നമാതെതിനെ കെട്ടാന്‍ കുട്ടപ്പന് മതം മാറേണ്ടി വന്നു.മതം മാറിയ കുട്ടപ്പന് പേരും മാറേണ്ടി വന്നു.തന്റെ പേരിനു പേറ്റന്റ്‌ എടുത്ത കമ്പനിക്കാരുമായി കുട്ടപ്പന്‍ തെറ്റിപ്പിരിഞ്ഞു.

കുട്ടപ്പന്റെ തകര്‍ച്ച ഇവിടെ തുടങ്ങുകയായി.കുട്ടപ്പന്റെ ജീവിതം ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം നിറഞ്ഞതായി.ഭാര്യമാര്‍ നല്‍കാത്ത സുഖം അയാള്‍ക്ക്‌ മരുന്നുകള്‍ നല്‍കാന്‍ തുടങ്ങി.എങ്കിലും സ്വന്തം ദുഃഖം അയാളിലെ കവിയെ ഉണര്‍ത്തിക്കൊണ്ടേയിരുന്നു.പക്ഷെ അയാളുടെ മാത്രം ദുഖത്തിന് ആരാധകര്‍ വിലയിട്ടില്ല.കുട്ടപ്പന്‍ വലിയൊരു മദ്യപാനിയായി.കള്ളും പെണ്ണും മരുന്നും അയാളുടെ ജീവിതക്കോടതിയില്‍ വധശിക്ഷകള്‍ വിധിച്ച്ചുകൊണ്ടെയിരുന്നു.ശരീരം ശിക്ഷകളെല്ലാം ഏറ്റുവാങ്ങി.

പട്ടണത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ ടെസ്റ്റ്‌ ചെയ്യാന്‍ കൊടുത്ത മലവും മൂത്രവും ആരാധകര്‍ കട്ടുകൊണ്ടുപോയി.ആ വിശ്വവിഖ്യാതമായ ശരീരം കീറി മുറിക്കാന്‍ ഡോക്ടര്‍മാര്‍ മത്സരിക്കുകയായിരുന്നു.അനങ്ങാത്ത വിരലുകളുമായി അയാള്‍ കവിതകള്‍ എഴുതി.തുറക്കാത്ത വായയുമായി അയാള്‍ കവിതകള്‍ പാടി.ദേവാലയങ്ങളില്‍ ദീപനാളങ്ങളായി കുട്ടപ്പന്‍ ജ്വലിച്ചുകൊണ്ടേയിരുന്നു.പെട്ടെന്നൊരുദിനം ചാനലുകള്‍ക്ക് ഫ്ലാഷ് ന്യൂസ്‌ സമ്മാനിച്ച്കൊണ്ട് ഡ്രഗ് റാക്കറ്റിന്റെ കുത്തേറ്റ് കുട്ടപ്പന്‍ ചത്തു!

ചത്തുപോയത് ശരീരം മാത്രമായത് കൊണ്ട് പിന്നീടും കുട്ടപ്പന്‍ ജീവിക്കുകയായിരുന്നു.അന്ത്യയാമങ്ങളില്‍ കുട്ടപ്പന്റെ വയറ്റിലും മനസിലുമുണ്ടായിരുന്ന ഗുളികകള്‍ പോസ്റ്മാര്‍ട്ടം ചെയ്ത് അതിനുള്ളിലെ ആറ്റങ്ങളും അണുക്കളും കണ്ടുപിടിച്ച് പത്രങ്ങള്‍ അച്ചുകള്‍ നിരത്തി.അതിനിടെ കുട്ടപ്പന്റെ മൂന്നാം ഭാര്യ കുട്ടപ്പന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും പറഞ്ഞ് രംഗത്തെത്തി.ഈ മൂന്നാം ഭാര്യയില്‍ കുട്ടപ്പനുണ്ടായ കുട്ടി തന്റെതാണെന്നും പറഞ്ഞ് കുട്ടപ്പന്റെ വക്കീലും രംഗത്തെത്തി.കുട്ടപ്പന്‍ തങ്ങളുടെ മാസികയ്ക്ക് കവിതകള്‍ തരാമെന്നു പറഞ്ഞ പറ്റിച്ചതായി പരാതിപ്പെട്ട് ഒരു പത്രാധിപര്‍ കോടതിയില്‍ കേസുമായി പോയി.ആ കോടതി കുട്ടപ്പന് മൂന്നു വര്‍ഷം തടവും പിഴയും ചുമത്തി.കുട്ടപ്പന്റെ കറുത്ത പേനകള്‍ ലേലത്തിന് വെച്ച് മറ്റൊരു സുഹൃത്തും വാര്‍ത്തകളില്‍ ഇടംപിടിച്ചു.കുട്ടപ്പന്റെ ശവസംസ്കാരച്ചടങ്ങിനു ടിക്കറ്റ്‌ വില്‍ക്കാന്‍,മുമ്പ് പേരിനു പേറ്റന്റ്‌ എടുത്ത കമ്പനി തന്നെ രംഗത്ത്‌ വന്നു.കുട്ടപ്പന്‍ മണ്ണോടു ചേരുന്നത് വീക്ഷിക്കാന്‍ ആയിരം ക്യാമറ കണ്ണുകള്‍ മാനത്ത് വട്ടമിട്ടു പറന്നു.

കുട്ടപ്പന്റെ കഥ കഴിഞ്ഞു എന്ന് പറഞ്ഞ് കൂടാ.കുട്ടപ്പന് ഇപ്പോള്‍ കേരളവുമായും ഉണ്ട് ബന്ധം.

കുട്ടപ്പന്റെ ആത്മാവിന് മോക്ഷം കിട്ടാന്‍ ആരാധകര്‍ കേരള നാട്ടില്‍ വന്നു ബലിയിട്ടു.ദര്‍ഭപ്പുല്ലുകൊണ്ട് ഹൃദയം മുറിഞ്ഞായിരുന്നു ഈ നാട്ടില്‍ നിന്ന് ആ ആരാധകര്‍ പോയത്.
അന്യജാതിക്കാരന്റെ പേരില്‍ ബലിയിട്ടതിനു ഒരു ഭാഗം ഇളകി.തങ്ങളുടെ മതത്തില്‍പ്പെട്ടവന് അന്യമാതാചാര പ്രകാരമുള്ള കര്‍മ്മം ചെയ്തതിനു മറ്റൊരു ഭാഗവും ഇളകി.

'ഇനി കുട്ടപ്പന് ജാതകപ്രകാരം ശത്രുദോഷം വല്ലതുമുണ്ടായിരുന്നോ എന്ന് നോക്കണം.'ടി.വി.ക്ക് മുന്നിലിരുന്നു വാരഫലം കാണുന്ന വിദ്വാന്‍ ആകുലപ്പെട്ടു.

Read more...

ക്ലിക്ക്

>> Wednesday, July 15, 2009


കാണുന്നതെല്ലാം ആസ്വദിക്കാനാണ്?
ദൂരെയുള്ളവയും അടുത്തുള്ളവയും

മുലപ്പാലും ശവപ്പറമ്പും
മണ്ണും മരമില്ലുകളും
സഹ്യനും കടലും
എല്ലാം അടുത്താണ്

പക്ഷെ,
കാണുന്നത് ഉദയമോ അസ്തമയമോ
മുഖത്ത്‌ മഴവെള്ളമോ കണ്ണീരോ
പ്രകാശത്തിനു പോലും വഴി തെറ്റുന്നു.
കണ്ണീരു പറ്റിയ കണ്ണട
ചുമരില്‍ മഴവില്ല് തീര്‍ക്കുന്നു.

കുളിക്കുന്നത് വൃത്തിയാകനല്ല
വൃത്തികേടാകാനാണ്
റെയില്‍വേ ട്രാക്കില്‍ ചീഞ്ഞുനാറുന്ന
മൃതദേഹങ്ങള്‍ക്ക് മണമില്ല

ജ്ഞാനമുണ്ടായിട്ടും ജ്ഞാനേന്ദ്രിയങ്ങളില്ലാത്തവര്‍
പ്രത്യുല്പ്പാദനശേഷിയില്ലാത്ത ജനനേന്ദ്രിയങ്ങള്‍
വിയര്‍പ്പുനാറാത്ത ശരീരങ്ങള്‍
കുരക്കാത്ത പേപ്പട്ടികള്‍
വിടര്‍ന്ന ഒരു കൈയ്യും
നിവര്‍ന്ന ഒരു വിരലുമുണ്ടെങ്കില്‍ എല്ലാം ഒരു ക്ലിക്കില്‍

നിറഞ്ഞൊഴുകുന്ന പുഴ
പൂത്തു നില്‍ക്കുന്ന മാവുകള്‍
പുന്നെല്ലിന്റെ തൊണ്ട നനക്കുന്ന നീര്‍ച്ചാലുകള്‍
-നിര്‍ത്തൂ-
ഇനിയിതില്‍ മെമ്മറി സ്പേസില്ല.

Read more...

താടിയില്ലാത്ത ചെ ഗുവേര...!

>> Monday, July 13, 2009


ഷോപ്പിംഗ് മാളില്‍ വെറുതെ ഒന്ന് കറങ്ങാനിറങ്ങിയതാണ്.അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങുമ്പൊള്‍ തന്നെ എന്തൊക്കെയോ വാങ്ങിയ അനുഭൂതിയായിരുന്നു.വികാരങ്ങള്‍ ഉണ്ടാക്കുകയാണ് ഈ മാളുകളുടെയൊക്കെ ലക്ഷ്യം എന്ന് തോന്നിപ്പോകും.
ഇപ്പോഴത്തെ പരസ്യങ്ങളുടെയും ജോലി വ്യത്യസ്തമല്ലല്ലോ?
ഒരു തൊഴിലാളിയെ സ്പര്‍ശിച്ചാല്‍ അണുക്കള്‍ പകരുന്നതും,ഓട്ടോ തൊഴിലാളി ജനങ്ങളെ പറ്റിക്കുന്നതുമൊക്കെയാണല്ലൊ ഇന്നത്തെ പരസ്യങ്ങള്‍..
ചെ ഗുവേരയുടെ ചിത്രമുള്ള ടീഷര്‍ട്ട് വാങ്ങാനായിരുന്നു ന്യു ജനറേഷന്‍ എന്ന മെന്‍സ് വെയര്‍ ഷോപ്പില്‍ കയറിയത്.സേല്‍സ്മാനോട് ആവശ്യം അറിയിച്ചു.
"ഡാ സന്തോഷേ,നീ ആ ആക്ടേഴ്സിന്റെ സെക്ഷന്‍ ഇവര്‍ക്കൊന്ന് കാണിച്ച്കൊടുത്തേ.."
എന്നെ അല്‍പ്പം വിശാലമായ ഒരു നിലയലേക്ക് വിരല്‍ കൊണ്ട് നയിച്ച് അയാള്‍ മറ്റുള്ള കസ്റ്റമേഴ്സിനെ സ്വീകരിക്കുന്ന തിരക്കില്‍ മുഴുകി.
ഷാരൂഖ്ഖാന്റെയും അര്‍നോള്‍ഡിന്റെയും റോക്കിന്റെയും ഹാരിപോര്‍ട്ടറിന്റെയും ഇടയില്‍ ഒരു ചിരിയുമായ് നില്‍ക്കുന്ന ചെ ഗുവേരയെ കണ്ടു.വീട്ടിലുള്ള ചിത്രത്തില്‍ പൊലും ഇത്ര മനോഹരമായി ചിരിക്കുന്ന ചെ ഗുവേരയെ ഞാന്‍ കണ്ടിട്ടില്ല.
"അമേരിക്കയിലെ ഫേമസ് കമ്പനി ഗ്യാലക്സിയുടെയാ .നല്ല ഉഗ്രന്‍ കോട്ടണ്‍."
അവിടെ കണ്ടത് ചെ ഗുവേരയെന്ന പ്രശസ്തനായ നടനെ.
ജീവിതത്തില്‍ പൊലും ചെ ഗുവേര അഭിനയിച്ചതായി അറിവില്ല.
കടല്‍ കടന്നെത്തിയ ആ മാന്ത്രികനെയും കൊണ്ട് ഞാന്‍ ബില്ല് പേ ചെയ്യുന്നിടത്തേക്ക് നീങ്ങി.
ആവശ്യം നടന്ന സന്തോഷത്തോടെ ഞാന്‍ നാനൂറ്റി തൊണ്ണൂറ്റി ഒമ്പത് രൂപ പേ ചെയ്തു.അഞ്ഞൂറ് രൂപ കൊടുത്ത് ബാലന്‍സായി കിട്ടിയ ഒരുരൂപയില്‍ അശോകസ്തംഭമില്ലായിരുന്നു!
ഡിസംബര്‍ 20 രക്തസാക്ഷി ദിനത്തിന് ഇത് പോലുള്ള കുറേ ചെ ഗുവേരമാരെ ഞാന്‍ കണ്ടു.
കുറേ ചെ ഗുവേരമാരുടെ കണ്ണ് നഷ്ടപ്പെട്ടിരുന്നു.കുറേ പല്ല് പോയ ചെ ഗുവേരമാര്‍.
ചുവപ്പില്‍ കറുപ്പ് കൊണ്ടുള്ള ചിത്രമായിരുന്നു എന്റെ ഷര്‍ട്ടിലെ ചെ ഗുവേരക്ക്.
കൃത്യം മൂന്നാമത്തെ കഴുകലില്‍ ചെ ഗുവേരയുടെ റബ്ബര്‍ പെയിന്റ് ഇളകാന്‍ തുടങ്ങി.
പിന്നെ താമസിക്കാതെ ചെ ഗുവേരക്ക് എന്റെ വീട്ടിലെ മച്ചിന്‍പുറത്തെ പാളപ്പെട്ടിയിലെ ബൊളീവിയന്‍ കാടുകളില്‍ ഒളിക്കേണ്ടി വന്നു.പിന്നെ ബാറ്റിസ്റ്റയുടെ ജോലി വീട്ടിലെ എലിപ്പെട്ടിയില്‍ കുടുങ്ങാത്ത വെളുത്ത എലികള്‍ക്കായിരുന്നു..
കൊന്നവര്‍ തന്നെ പുനര്‍ജന്മം നല്കുമ്പോള്‍ അതിയായ ശക്തിയോടെ ഞാന്‍ പറഞ്ഞു പോകുന്നു,രക്തസാക്ഷികള്‍ക്ക് മരണമില്ല..

Read more...

നിഴലിനെ വിശ്വസിക്കരുത്..

>> Sunday, July 12, 2009




നിഴലിനെ വിശ്വസിക്കരുത്
മോഹങ്ങള്‍ തരുന്നവനാണ് നിഴല്‍

നിഴല്‍ മായാവിയാണ്
ചിലപ്പോള്‍ ഉയരം കൂട്ടും
ചിലപ്പോള്‍ കുറക്കും

നിഴലിന് വര്‍ണങ്ങള്‍ തരാനാവില്ല
നിഴലിന്റെ കൂട്ടുകാരന്‍ വെള്ള വെളിച്ചം മാത്രമാണ്

നിഴല്‍ കറുപ്പിനെയും വെളുപ്പിനെയും
തിരിച്ചറിയില്ല

വിരലിനെയും കൊമ്പുള്ള മൃഗങ്ങളെയും
തിരിച്ചറിയില്ല

നിശ്ചിത സ്ഥാനമില്ലാത്തവനാണ് നിഴല്‍
ചിലപ്പോള്‍ മുന്നില്‍
ചിലപ്പോള്‍ പിന്നില്‍
ചിലപ്പോള്‍ വശങ്ങളില്‍
ചിലപ്പോള്‍ ഉഗ്രകോപിയായ സൂര്യനെ പേടിച്ച്
കാല്‍ച്ചുവടില്‍ ഒളിക്കും

സൂര്യന്റെ അടിമയാണ് നിഴല്‍

കണ്ണും മൂക്കും വായയുമില്ലാത്തവന്‍ നിഴല്‍
മൂര്‍ച്ചയുള്ള നഖങ്ങളെ ഒളിപ്പിച്ച് വെച്ചവന്‍ നിഴല്‍

ചെറുതിനെ വലുത് കൊണ്ട് മറയ്ക്കുന്നവന്‍ നിഴല്‍
വലുതും ചെറുതുമാകാന്‍ കഴിയുന്നവന്‍ നിഴല്‍

വിശ്വസിക്കരുത് നിഴലിനെ
ഒരിക്കലും നിഴലാകരുത്.

Read more...
കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP