..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

യാഥാര്‍ത്ഥ്യങ്ങളുടെയും അയാഥാര്‍ത്ഥ്യങ്ങളുടെയും സ്വയംവരം

>> Thursday, August 6, 2009


ഇവിടെ നമുക്കൊരു പിന്മുറക്കാരിയെ കാണാം.
രാഖി,കെട്ടിക്കൊടുത്ത് ഭാര്യയാക്കപ്പെടുന്ന-
സംസക്കാരത്തിലെ പിന്മുറക്കാരിയെ.
തീവ്ര യാഥാര്‍ത്ഥ്യങ്ങളുടെ അശോകമരത്തിന് കീഴെ
സീതാസ്വയംവരം നടത്തിയ ഭൂമീപുത്രിയെ.
പരസ്യങ്ങളുടെയും രഹസ്യങ്ങളുടെയും വില്ലെടുത്തു കുലക്കുന്നവന്
തന്നോടൊപ്പം വനവാസം വിധിക്കുന്നവളെ.

ഹേ! വനവാസത്തിനു വിധിക്കപ്പെടുന്ന ജനാധിപത്യ രാജാക്കന്മാരെ
നിങ്ങള്‍ക്കിതാ സുവര്‍ണാവസരം.
അടവുതെറ്റാതെ പയറ്റുന്നവന്
ശ്രുതി തെറ്റാതെ പാടുന്നവന്
വാക്കുകള്‍ തെറ്റാതെ വാചകമടിക്കുന്നവന്
ഇന്നിവിടെ സ്വയംവരം.
മത്സരമിതാ ഇവിടെ തുടങ്ങുന്നു

ആദ്യം,ബ്രെയ്കില്ലാതെ തന്നോടൊപ്പം ജീവിക്കേണ്ടവന്
ബ്രെയ്ക്കില്ലാത്ത ബ്രെയ്ക്ക്‌ ഡാന്‍സ്.
അതിനിടയിലുള്ള ബ്രേയ്ക്കിനു
ഉള്ളി മുറിച്ചു കരയാതിരിക്കാനുള്ള
ഓയിന്മെന്റിന്റെ പരസ്യം.
പിന്നീട് ശ്രുതി ചേര്‍ത്ത് പാടാനുള്ള
ശോകഗാനമത്സരം.
അത് കഴിഞ്ഞു വാരി പുണരാനുള്ള
സിക്സ് പാക്ക് മസിലുകളുടെ പ്രദര്‍ശനം.
പിന്നെ,തീവളയങ്ങളിലൂടെ ചാടല്‍
പൂഴി മണലിലൂടെ ഓടല്‍.
പിന്നീട് പ്രദര്‍ശനങ്ങളുടെ വില്ലെടുത്തു
ആള്‍ക്കൂട്ടത്തിന്റെ വിരലിലേക്ക് ഒരമ്പ്.
ബാലറ്റ് നിരയാത്തവര്‍ വിഷമിക്കരുത്.
അടുത്തതവണ ഈ കച്ചവടം തുടരും.
അത് വരെ ഒരു കമേര്‍ഷ്യല്‍ ബ്രെയ്ക്ക്‌.

കൂട്ടിചേര്‍പ്പ്:
ഹേ!ഭൂമീമാതാവേ,സഹനമാതാവേ,
നീ എവിടുന്നു പിഴച്ചു പെറ്റവളിവള്‍?
ഈ സമുദ്രം മുഴുവന്‍ കരഞ്ഞും പങ്കുവെച്ചും
നീ ഉണ്ടാക്കിയതാണെന്നെന്തേ ഇവളെ പഠിപ്പിക്കാഞ്ഞൂ?

Read more...
കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP