..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

വഴി

>> Saturday, November 28, 2009




എന്നില്‍ നിന്ന് നിന്നിലേക്കൊരു ഇടവഴിയുണ്ടായിരുന്നു.
അമ്മയില്‍ നിന്ന് ഇന്നിലേക്കുള്ള-
ഒറ്റത്തടിപ്പാലം തുടര്‍ന്നെത്തുന്ന ഇടവഴി.
കല്ലുറപ്പിച്ച് മിനുസപ്പെടുത്താത്ത ഇടവഴി.

നിന്നിലേക്കുള്ള വഴിയില്‍ രണ്ട് കട്ടുറുമ്പുകളുണ്ടായിരുന്നു.
പ്രണയപ്പുറ്റില്‍ നിന്ന് വ്യത്യസ്തരായ് നടക്കുന്ന കട്ടുറുമ്പുകള്‍.
നീറ്റല്‍ തന്നെങ്കിലും പിന്തുടരാന്‍ പഠിപ്പിച്ച കട്ടുറുമ്പുകള്‍.

നിന്നിലേക്കുള്ള വഴിയില്‍ ഒരു പനിനീര്‍ ചെടിയുണ്ടായിരുന്നു.
ചുവപ്പും മഞ്ഞയും പൂക്കളുള്ള പനിനീര്‍ച്ചെടി.
മുള്ള് പോലുള്ള ആസക്തി നേര്‍ക്ക് മുള്ള് നീട്ടുന്ന പനിനീര്‍ച്ചെടി.

വഴിയോരത്ത്,സൂര്യനെ മറയ്ക്കുന്ന കാഞ്ഞിരമരം,
മഴത്തുള്ളിയെ മണ്ണിന് തരാതെ കളിപ്പിക്കുന്ന വയസന്‍ ഇലകള്‍,
പടര്‍ന്ന് പിടിച്ച് ചോരനോക്കി കൊതിയൂറുന്ന ഇത്തിള്‍ക്കണ്ണികള്‍.

കാമനെ കുടിയിരുത്തുന്ന* പ്ലാവില്‍ ഒരു കാക്കക്കൂടുണ്ടായിരുന്നു.
ജാതിയും മഹിമയും വേര്‍തിരിക്കാത്ത,
നിന്നെയും എന്നെയും വേര്‍തിരിക്കാത്ത കാക്കക്കൂട്.

ഓരത്ത് നിന്ന് മഞ്ഞ അക്വേഷ്യാപ്പൂക്കള്‍ ശ്വാസം മുട്ടിക്കുകയായിരുന്നു.
ചുവന്ന പൂമരം വഴികളെ ചുവപ്പിക്കുകയായിരുന്നു.
ചാത്തനെ കുടിയിരുത്തിയ പ്രണയത്തിന്റെ വയസ്സുള്ള,
ആല്‍ത്തറയെ തിന്നുന്ന ആല്‍മരം പേടിപ്പിക്കുകയായിരുന്നു.

നിന്നിലേക്കടുക്കുന്ന നേരവും നിന്നെ പുണരുന്ന നേരവും
നിന്നിലേക്കുള്ള വഴി നിനക്കെന്നിലേക്കുള്ളതുമാണെന്ന് ഓര്‍ത്തില്ല ഞാന്‍.
പാതിവഴിയായിരുന്നില്ലേ നമ്മെ കൂട്ടിമുട്ടിച്ചത്

ഇനി നിന്‍ കൈപിടിച്ച് നിന്നിലേക്കും എന്നിലേക്കുമുള്ള
വഴിയിലൂടെ നമുക്കൊരുമിച്ച് നടക്കാം.
തൃസന്ധ്യയില്‍ ആകാശം പോലെ
ചുവന്ന നാളെയെ സ്വപ്നം കണ്ട് കൊണ്ട്

അന്നീ പൂമരം മൊട്ടയായിരിക്കും.
ചുവന്ന പൂക്കള്‍ ചില്ലയെ വെടിഞ്ഞ്
നമ്മുടെ വഴികളെ ചുവപ്പിക്കും.
കാഞ്ഞിരമരം സൂര്യനെ വിട്ടുതരും.
നിറഞ്ഞ് പെയ്യുന്ന മഴയില്‍
വയസ്സന്‍ ഇലകള്‍ കൊഴിഞ്ഞ് വീഴും.
കട്ടുറുമ്പുകള്‍ക്കവ തോണിയാകും.
കാക്കക്കൂട്ടില്‍ കുഞ്ഞുങ്ങള്‍ക്ക് ചിറക് മുളക്കും.
ആല്‍ത്തറകള്‍ സ്മാരകങ്ങളാകും.
ഇടവഴികള്‍ പെരുവഴികളാകും.
---------------------------------------------------------------------------------------
*ഉത്തരകേരളത്തില്‍ കാമദേവന്‍ സങ്കല്പം പൂരവുമായി ബന്ധപ്പെട്ടിരിക്കുന്നു.പൂരം നാള്‍,ഉണ്ടാക്കി വെച്ച കാമന്റെ രൂപം കുടിയിരുത്തുന്നത് പ്ലാവിന്റെ ചുവട്ടിലാണ്.

Read more...

അന്ന് ‘താജി’ല്‍ നടന്ന കാമയുദ്ധം

>> Friday, November 27, 2009


എന്റെ മരണമേ നീ ഇന്നെന്റെ പ്രണയമാണ്.
എന്റെ പ്രണയമേ നീ പണ്ടേ എന്റെ മരണമായിരുന്നോ?
തോക്കിന്‍ മുനയില്‍ നമ്മുടെ പ്രണയം:
അറിയാതെ കാണാതെ നിന്നിലേക്ക് വലിച്ചിഴച്ചത്.
നിന്റെ പ്രണയത്തില്‍ വിരിഞ്ഞ പൂക്കള്‍ തളര്‍ത്തിയ
മുടിയിഴകള്‍ വളര്‍ത്തുന്ന,നിന്റെ കാമത്തിലേക്ക് ചൂണ്ടുന്ന
എന്റെ മുലകളിലേക്കായിരുന്നോ നിന്റെ കണ്ണുകള്‍ തറച്ചത്?
അന്ന്,
നിന്റെ വിയര്‍പ്പില്‍ എന്റെ കൈകള്‍ വഴുതിയ നാള്‍
നിന്റെ നഖങ്ങള്‍ എന്റെ കാമത്തെ കവര്‍ന്നു.
നിന്റെ കിതപ്പുകള്‍ എന്നെ നടുക്കി,ഉറക്കി.
കാമം ഒരു യുദ്ധമായ് മാറി.
രതിയില്‍ അത് ചെന്ന് നില്‍ക്കുമെന്ന് കരുതി.
രതിയും സംഭോഗവും കടന്നത്
ചോരചീറ്റലിലേക്കും വലിയ നീറ്റലിലേക്കും കടന്നു.
നിന്റെ വിരലിടയില്‍ നിറച്ച എന്റെ വിരലുകള്‍ ഒടിച്ചു,
നഖങ്ങള്‍ പിഴുതു,മുലകള്‍ അറുത്തു,മുടിയില്‍ തീയിട്ടു.
നീ വിരല്‍ തൊട്ട് മായ്ച്ച സിന്ദൂരം എന്റെ
രക്തസാക്ഷിത്വത്തിന് അടയാളമാകുകയായിരുന്നു.
നിന്റെ കാമം എന്റെ ചാരിത്ര്യത്തിന് വിലയിടുകയായിരുന്നു.

എന്റെ ഗര്‍ഭപാത്രത്തില്‍ നീ ഇട്ടുപോയ
ബോംബ് പൊട്ടിത്തെറിച്ചുകൊണ്ടേയിരിക്കുന്നു.
ഞാന്‍ പെറ്റ ചോരക്കുഞ്ഞുങ്ങള്‍
നിന്നെത്തിരയുകയല്ല,അമ്മയെ കാക്കുകയാണ്.

തിരച്ചറിവ് എന്നില്‍ നിറഞ്ഞുവെങ്കിലും അത്
നിന്നിലും നിറയാന്‍ കാത്തിരിക്കുന്നു ഞാന്‍:
നമ്മൊളരമ്മതന്‍ മക്കളാണെന്ന്!
കാമയുദ്ധത്തില്‍ എന്നെ തോല്‍പ്പിച്ച
നീയെന്‍ സഹോദരനെന്ന്.
നീയിപ്പോഴും ഓര്‍ക്കുക നിന്റെ വേരുകള്‍
എന്നില്‍ പതിഞ്ഞിട്ടില്ല.
വേശ്യാത്തെരുവുകളിലേക്കെന്നെ
വലിച്ചെറിയാനുള്ള നിന്റെ ശ്രമങ്ങള്‍ക്ക്
മുന്നില്‍ ഞാന്‍ കാറിത്തുപ്പുന്നു.
വെള്ളയായും കറുപ്പായും,കടല്‍ കടന്നും പറന്നും
വരുന്ന നിന്നെ ഞാന്‍ തിരിച്ചറിയുന്നു.

എന്റെ മരണമേ നീയിന്നെന്റെ-
ജനനമാണ്,ജീവിതമാണ്,പ്രണയമാണ്.

Read more...

ഇലക്ട്രിക് ലൈന്‍

>> Thursday, November 19, 2009



മുഖത്തോട് മുഖം നോക്കിയിരിക്കാന്‍-
പഠിപ്പിച്ച തീവണ്ടിയാത്രയില്‍
സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന
ഒന്നായിരുന്നു ഇലക്ട്രിക് ലൈന്‍.

തീവണ്ടി നീങ്ങുമ്പോള്‍
എന്നും നിന്റെ കൂടെയെന്ന് പറഞ്ഞ്
പൊന്തിയും താണും
ചിന്തകളെ ഒരു വരയില്‍-
നിര്‍ത്തുന്ന ഇലക്ട്രിക് ലൈന്‍.

എത്ര ശാന്താമാണാ നേര്‍ത്ത വര.
വൈദ്യുതി വളച്ചൊടിച്ച്
ബിരുദത്തിനായോടുമ്പോഴും,
തൊടരുതെന്ന് കേട്ടുപഠിച്ച,
സൂര്യനെപ്പോലും മുറിക്കാന്‍ കെല്‍പ്പുള്ള
ആ കമ്പി തൊടാത്ത സ്വപ്നമായിരുന്നു.

ആ കമ്പിയിലിരുന്ന് സല്ലപിക്കുന്ന ഇണക്കുരുവികളെ
വണ്ടിയുടെ കിളിവാതിലിന്റെ ഫ്രെയിമില്‍
കണ്ടപ്പോള്‍,ഒന്ന് തലോടിയാലോ
എന്ന് തോന്നിയിട്ടുണ്ട്,ആ ലൈനില്‍.
കുരുവികളുടെ പ്രണയ തീവ്രതയാണ്
അവരെ കരിക്കാതെ നിര്‍ത്തുന്നതെന്ന്
അന്നത്തെ നിഷ്കളങ്കത ഉത്തരം തന്നു.

എത്രയെത്ര പ്രണയത്തെ ബന്ധിപ്പിക്കുന്ന,
ഒരു ഉയര്‍ച്ചയും താഴ്ചയും പ്രണയിക്കാന്‍ പഠിപ്പിച്ച
ശക്തമായ ഊര്‍ജ്ജത്തിന്റെ വരയിലാണ്
തങ്ങളിരിക്കുന്നതെന്ന് അവര്‍ക്കറിയുമോ?
ഒരു പക്ഷേ അവരെ തളര്‍ത്താതെ നിലനിര്‍ത്തുന്നത്
ലൈനിലേ ഒഴുകുന്ന തീവ്രപ്രണയങ്ങളാകുമോ?

വൈദ്യുതിയെ കാല്‍ച്ചുവട്ടിലാക്കാന്‍
പരക്കം പായുന്നതിനിടയില്‍,എന്നും
കരിഞ്ഞുപോകാത്ത പ്രണയത്തിന്റെ രേഖയില്‍
കണ്ണോട് കണ്‍ നോക്കി,കൊഞ്ചിക്കുഴഞ്ഞ്
എത്രനാള്‍ നമുക്കിങ്ങനെ ഇരിക്കാന്‍ കഴിയും?

കാലിനടിയിലൂടെ ആയിരം പ്രണയലേഖനങ്ങളും
ചുംബനങ്ങളും ഒഴുകുമ്പോഴും,
വൈദ്യുതി വിഴുങ്ങാത്ത കുരുവികളെ പോലെ എന്നും
നിന്നെപ്പുണര്‍ന്നിരിക്കാന്‍ പറ്റുമോ എനിക്ക്?

നീളുന്ന ഈ തീവണ്ടിപ്പാത പോലെ
ഒരിക്കലും കൂട്ടിമുട്ടാത്ത അകലത്തിലുള്ള
ഇലക്ട്രിക് ലൈനേ,നീ ഇനിയും
സ്വപ്നം കാണിക്കുക,എന്നെ തളര്‍ത്താതിരിക്കുക.

Read more...

അമ്മ..അമ്മിഞ്ഞ...

>> Friday, November 13, 2009


അര്‍ഹതാപരിശോധന:
-------------------------------------

അമ്മേ,ഈ പേനയുടെ നിബ്ബ് നിന്റെ
അമ്മിഞ്ഞയെ ഓര്‍മ്മിപ്പിക്കുന്നു.
ആ പാലിന്റെ സ്വാദ് ചുരത്താന്‍ ഈ മഷി
അപൂര്‍ണമെന്നറിഞ്ഞിട്ടും,എഴുതുന്നു ഞാന്‍
വരികള്‍ക്കിടയില്‍ കരഞ്ഞ് കണ്ണ് കലങ്ങിയ
നിഷ്കളങ്കമായ എന്റെ മുഖം നിര്‍ത്തിക്കൊണ്ട്.
ഉല്‍പ്പാദനശേഷിയില്ലാത്ത എന്റെ മഷിയെ നോക്കി
ചോദിക്കുന്നു-വാക്കുകളിലൂടെയല്ലാതെ ആ
മുലപ്പാല്‍ തരാനാവുമോ നിനക്ക്.
ജീവിതത്തിന്റെ കയ്പ്പ് മാത്രം പകര്‍ത്തുന്ന
നിന്നിലെ മഷി വീണ് എന്നിലെ-
മുലപ്പാലിന്റെ ചിത്രങ്ങളും കയ്ക്കുമോ?

ഒരിക്കലും ചേരാത്ത വരികള്‍:
--------------------------------------

ആദ്യം,അമ്മയ്ക്ക് ശേഷം ഒരു കുഞ്ഞു കൊഞ്ചലോടെ
‘ഞ്ഞ’ ഇട്ട് പറഞ്ഞ അമ്മിഞ്ഞ
വിറ്റവരെ കണ്ട കണ്‍കളെ
സുതാര്യമായ ഒരു സ്ക്രീനിനാല്‍ പൊതിയട്ടെ.

മുലകുടിച്ചതിന്റെ ഗൃഹാത്വരതയിലൊന്നുമല്ല ഞാന്‍
അതിന്റെ ഓര്‍മ്മകള്‍ തന്നത് കണ്ണോ നാവോ അല്ല
പേറ്റുനോവിന്റെ കഥകളോടൊപ്പം
അമ്മ ഉരുട്ടി വായിലിട്ടു തന്ന കഥകളാണ്.

ഒന്ന് ചുണ്ടിനും ഒന്ന് കയ്ക്കും തന്ന്
ഊട്ടിയുറക്കിയ അമ്മയോടല്ല
രണ്ടും കാമത്തിന് മാത്രം കൊടുത്ത,
ഒറ്റത്തുള്ളി പാല്‍ പോലും ചുരത്താത്ത
അമ്മമാരോടാണീ ചോദ്യം:

കാഞ്ഞിരത്തിന്റെ വേരില്‍ നിന്ന് തുടങ്ങുന്നു ഞാന്‍.
ഈ മുലപ്പാല്‍ ഇത്തിരി കയ്ക്കട്ടെ:
മുലക്ക് പിന്നില്‍ എത്ര വികാരങ്ങളുണ്ട്?
മുലപ്പാലിന് പിന്നിലോ?

ഈ നിബ്ബിന്റെ പോക്ക് നോക്കി
ഉപ്പുള്ള പുഞ്ചിരിയുമായി നിര്‍ത്തുന്നു ഞാന്‍,
മുളച്ച് വരുന്ന താടി തടവി,
അടക്കിനിര്‍ത്താന്‍ പറ്റാത്ത കണ്ണിനെ
ഒരു വിധം അടക്കിനിര്‍ത്തിക്കൊണ്ട്..

Read more...
കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP