..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

ഒരു കറക്കത്തിന് കീഴില്‍

>> Wednesday, October 21, 2009




കറങ്ങിക്കൊണ്ടേയിരിക്കുകയായിരുന്നു.
ക്ലോക്കിലെ സൂചിയുടെ ദിശയില്‍.
സാരിത്തുമ്പെറിഞ്ഞ് നിര്‍ത്തുന്നു.
കാറ്റവശേഷിച്ച് നില്‍ക്കുന്നു.
വീണ്ടും കറങ്ങാനോങ്ങുന്നു.
സാരി മുറുകെ കുരുങ്ങുന്നു.
പുറത്തോട്ട് തുറന്നിട്ട് കണ്ണുകള്‍,
ഭൂമി തൊടാത്ത കാലുകള്‍.
ഊര്‍ജ്ജത്തെ പ്രതിരോധിച്ചതാണ്.
ഒഴുക്കിനെതിരു നിന്നതാണ്.
ഉറക്കം വെടിഞ്ഞുറക്കിയതാണ്.
നാളെ റൂം ബോയ് ബില്ലുമായ് വരും.
കടം അവശേഷിച്ചാണ് പോകുന്നത്.
ഇന്ന് വരാത്ത പോലീസുകാര്‍-
നാളെ വരാതിരിക്കില്ല.


ആയിരം പ്രണയജോഡികള്‍ ഒപ്പുവെച്ച ചുമര്‍,
ഉറ പൊട്ടി പരുത്തി പറത്തിക്കൊണ്ടേയിരിക്കുന്ന കിടക്ക,
അവസാന തുള്ളിയിത് എന്ന്
പറഞ്ഞ്കൊണ്ടേയിരിക്കുന്ന ഷവര്‍,
ആയിരങ്ങളുടെ ശിഷ്ടമേറ്റുവാങ്ങിയ കക്കൂസ്,
എത്ര കൊടുത്തിട്ടും ദാഹമകറ്റാന്‍ പറ്റാത്ത മണ്‍കൂജ,
കുടിച്ചു വറ്റിക്കാത്ത കുപ്പിഗ്ലാസ്,
നെറ്റിയിലെ നനവിന്റെ ആര്‍ദ്രതയില്‍
കണ്ണാടിയോട് പറ്റിനില്‍ക്കുന്ന പൊട്ട്,
തുറക്കാത്ത സിന്ദൂരച്ചെപ്പ്,
ഗര്‍ഭനിരോധന ഉറകള്‍
-ഡസ്റ്റ് ബിന്നിലെ കാഴ്ചകള്‍
കുത്തഴിഞ്ഞ ഉടയാടയിലൊതുങ്ങിയ
ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്നു.
ശേഷം സ്ക്രീനില്‍

Read more...

ഒരു ഭ്രാന്തന്റെ ഹത്യാക്കുറിപ്പ്

>> Friday, October 9, 2009




നിബ്ബ് കുത്തിപ്പൊട്ടിച്ച്
കൊല്ലുകയാണ് നിന്നെ.
ഈ പേനക്കുള്ളില്‍
ഇനി നീ ജീവിക്കരുത്.
എഴുതിത്തീരും മുമ്പേ,
മഷി തീരും മുമ്പേ
കൊല്ലുകയാണ് നിന്നെ.

ഇവിടെ ജീവിച്ചിരുന്നുവെന്ന-
മഷിപ്പാട് ബാക്കി വെക്കാതെ,
ജീവിച്ചൊഴുകരുത് നീ.
കുത്തിപ്പൊട്ടിക്കുകയാണ് നിന്നെ.
ഇനി നീ ഒഴുകുന്നതെങ്ങനെയെന്നൊന്ന്
കാണട്ടെ ഞാന്‍.
ഇനിയെങ്കിലും തിരിച്ചറിയുക:
മുനയില്ലാത്ത ജീവിതത്തിനെന്തര്‍ത്ഥം?

Read more...
കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP