..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

സ്വാതന്ത്ര്യം

>> Monday, September 28, 2009


നൂലിട്ട്‌ കെട്ടി,ഭൂമിയില്‍ കുത്തിനിര്‍ത്തിയ-
കൊടിമരത്തിന്റെ മുകളില്‍ ഇത്തിരി സ്വാതന്ത്ര്യത്തിനു വേണ്ടി
നിലവിളിക്കുന്ന പതാകയെ നോക്കി
ആകാശം സ്വപ്നം കാണുന്ന കുഞ്ഞുമനസ്സിന്റെ സ്വപ്നങ്ങളെയും കൊണ്ട്
അനന്തതയുടെ സ്വാതന്ത്ര്യത്തിലേക്ക് പറന്നകലുന്ന
ബന്ധനങ്ങളില്ലാത്ത പട്ടം പരിഹസിച്ചു.

സമയനിഷ്ഠതയുടെ ഉയര്‍ച്ചയും താഴ്ച്ചയുമില്ലാത്ത പട്ടം,
കാഴ്ച്ചകള്‍ക്കപ്പുറത്തെ സ്വപ്നങ്ങളിലേക്ക് ,
കനവുകൊണ്ട് കുഞ്ഞിന്റെ വയറുനിറച്ച്,
അതിന്റെ കാണാച്ചരട് അവന്റെ കയ്യിലേല്‍പ്പിച്ചു പറന്നുപോയി.

നക്ഷത്രങ്ങളെ കാണാന്‍ സ്വാതന്ത്ര്യമില്ലാതെ,
പുത്തന്‍ പ്രഭാതം കാണാന്‍ സ്വാതന്ത്ര്യമില്ലാതെ,
ഒരു അസ്തമയത്തിനു സാക്ഷിയായി,
പതാക പെട്ടിക്കുള്ളിലേക്കു താഴ്ത്തപ്പെട്ടു,
ഇനി ഒരു സ്വാതന്ത്ര്യദിനം വരെ.

കനവുകള്‍ കണ്ട കുട്ടി ബന്ധനസ്ഥയായ
പതാകയെ കണ്ടു സഹതപിച്ചു.
സ്വപ്നങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഉണര്‍ന്നു
ഒടുവിലവന്‍ ചരട് പൊട്ടിച്ചു പതാകയ്ക്കു സ്വാതന്ത്ര്യം നല്‍കി.
മണ്ണിന്റെയും വയലിന്റെയും ജീവന്റെയും ജീവിതത്തിന്റെയും
അനന്തതയിലേക്ക്,താഴേക്ക്‌ പതാക പറന്നു വന്നു.

വര്‍ണങ്ങള്‍ തമ്മില്‍ തല്ലുന്നത് കാണാനായിരുന്നു
പിന്നീടതിന്റെ
വിധി‘.
വിധിയെ അട്ടിമറിക്കേണ്ടവര്‍ ഇവിടെ
ആയിരം ചരടുകളുമായി പട്ടം പറത്തിക്കളിക്കുന്നു.

------------------------------------------------------------------------------
------------------------------------------------------------------------------

(
ബ്ലോത്രം ഓണപ്പതിപ്പില്‍ വന്നകവിത)

Read more...

എന്നില്‍ വാക്കുകള്‍ ജനിക്കുന്നത്?

>> Sunday, September 20, 2009


അവളോടുള്ള പ്രണയത്തിന്റെ വാക്കുകളെ
എന്നും അക്ഷരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.
അവള്‍ക്കായ് വാക്കുകള്‍ വഴങ്ങിയിരുന്നില്ല.

ഇന്നും ദുഖത്തോടെ അവള്‍ക്ക് വേണ്ടി
അക്ഷരങ്ങള്‍ പെറുക്കി വെക്കുന്നു.
ഒരു വിധം അടക്കി നിര്‍ത്തുന്നു.
വീണ്ടും അത് മറ്റെന്തോ സ്വന്തമാക്കുന്നു.

ഇതിനെ ഞാനെങ്ങനെ കവിതയെന്നു വിളിക്കും?
ഞാ‍നെഴുതിയതിന്റെ അര്‍ത്ഥം മാറ്റുന്നത്
അക്ഷരങ്ങളാണോ,വാക്കുകളാണോ,
അവ ചേരുമ്പോഴുണ്ടാകുന്ന ശബ്ദമാണോ?

അന്നടുക്കിവെച്ച വാക്കുകളെ ഒഴുക്കി-
വിടാന്‍ മഴയുണ്ടാരുന്നു.
ഇന്ന് പ്രതിഫലമായ ചുംബനങ്ങള്‍
കയറ്റി വിടാന്‍ തോണി അയക്കുന്നു,
അത് മറ്റെന്തിനോ വിരിച്ച വലയില്‍ കുടുങ്ങുന്നു.
എങ്കിലും ചുംബനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.

അക്ഷരങ്ങളുടെ,വാക്കുകളുടെ,ചിന്തകളുടെ മറ മൂടി
നീയിന്നും മറഞ്ഞിരിക്കുന്നു,ആര്‍ക്കും പിടി കൊടുക്കാതെ,
എനിക്കായ് മാത്രം..
ഇതിനെ അര്‍ദ്ധമനസ്സോടെ കവിതയെന്നു വിളിക്കുന്നു.

Read more...

വെള്ള

>> Monday, September 14, 2009

മുലപ്പാല്‍ തിളപ്പിച്ചാറ്റി പാല്‍പ്പൊടിയാക്കി കയറ്റി അയക്കുമ്പോള്‍
നിസ്സഹായയായ് നോക്കിനില്‍ക്കുകയായിരുന്നു.
കുഞ്ഞിചുണ്ടുകളെ ചേരാന്‍ സമ്മതിക്കാതെ,
മുല പിടിച്ച്,പിഴിഞ്ഞ് അവസാന തുള്ളിവരെ ഊറ്റിയെടുക്കുമ്പോള്‍
വെള്ള വിപ്ലവത്തിന്റെ,അധിനിവേശത്തിന്റെ,
അനാഥത്വത്തിന്റെ ഏകാന്തതയിലായിരുന്നമ്മേ ഞാന്‍.

നുണയാന്‍ കാത്തിരിക്കുന്ന എന്നെ കെട്ടിയിട്ട്,
നീട്ടി വളര്‍ത്തിയ നഖങ്ങളുള്ള വിരലുകള്‍ കൊണ്ട്
ആ മൃദുലതയില്‍ തലോടുമ്പോള്‍
പാലല്ല ചോരയാണ് വരുന്നതെന്ന്...

മുലപ്പാല്‍ തരാതെ എന്നെ വളര്‍ത്തുന്നത്
കൃത്രിമബീജം നിറച്ച സൂചിത്തുമ്പില്‍ നിര്‍ത്താനെന്ന്...
മുലപ്പാലിന്റെ സ്വാദറിയാതെ,വിലയറിയാതെ-
എന്നെ വളര്‍ത്തുന്നത് നിര്‍ത്താതെ പാല്‍ചുരത്താനെന്ന്..
ഈ തൊഴുത്തില്‍ ഇനിയുമുണ്ട് ജീവന്‍
ഒന്നും മിണ്ടാതെ....
പാല്‍ക്കുടവുമായ് അയാള്‍ വരുന്നതും കാത്ത്.

Read more...

ഓട്ടത്തിന്റെ ക്ഷീണം

>> Tuesday, September 1, 2009

നനഞ്ഞ രണ്ടു കൈകള്‍ കൂട്ടിയടിച്ചു കാക്കയെ
ബലിച്ചോറുണ്ണാന്‍് വിളിക്കുന്നത്‌ പോലെ
തുപ്പല്‍ നനഞ്ഞ ചുണ്ടുകള്‍ ചേര്‍ത്ത്
അവന്‍ പറഞ്ഞു മലയാളം.

ഓട്ടത്തിന്റെ ക്ഷീണം-
ഓണത്തെ കുറിച്ച് ചോദിച്ചപ്പോള്‍
അവന്‍ പറഞ്ഞു അടിപൊളി.

തഴമ്പുള്ള പരുക്കന്‍ കൈകള്‍
ജീവനെടുത്ത പൂക്കളുടെ
മഞ്ഞപ്പൂക്കളം കണ്ടപ്പോള്‍
അവന്‍ പറഞ്ഞു കളര്‍ഫുള്‍.

കൃഷ്ണമണികളെ കൊണ്ട് ഊഞ്ഞാലാടിച്ചു
റിമോട്ടിലൂടെ വിപ്ലവം നയിച്ചു
അവന്‍ പറഞ്ഞു റിയലി എന്റെര്‍ടൈനിംഗ്.

'പൂവേ പൊലി' റിങ്ടോണായി
സെറ്റ് ചെയ്തു
അവന്‍ പറഞ്ഞു സെന്‍സേഷനല്‍.

ഇ മെയിലില്‍ അക്ഷരങ്ങളെ ഞെക്കി-
കയറ്റി അയച്ചു
അവന്‍ പറഞ്ഞു ഹാപ്പി ഓണം

Read more...
കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP