..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

കുറച്ചുപേരെ കുറിച്ച്

>> Thursday, December 2, 2010

രാള്‍ നല്ല വിശ്വാസിയായിരുന്നു.
കുറച്ചു വിശ്വാസികള്‍ ചേര്‍ന്ന് കൈയ്യും,
വിശ്വാസിക്കു വോട്ടു ചെയ്യാന്‍ പറഞ്ഞവര്‍ ചേര്‍ന്ന്
ജീവിതവുമെടുത്തു.

റ്റൊരാള്‍ ഭയങ്കരം ആശയവാദിയായിരുന്നു.
ആശയങ്ങളെ തീവ്രമായി വാദിക്കാന്‍ പരിശീലിച്ചത്
സഹോദരന്റെ കൈയ്യെടുത്തായിരുന്നു.

വേറൊരാള്‍ ദൈവത്തിന്റെ കാവല്‍ക്കാരനായിരുന്നു.
ദൈവത്തിന് മെറിറ്റ് സീറ്റില്‍ അഡ്മിഷനായപ്പോള്‍
ദൈവത്തെ കുരിശിലേറ്റി.

നിയുമുണ്ടൊരാള്‍,
രാഷ്ട്രനിര്‍മ്മാണമാണ് പോലും തൊഴില്‍.
ന്യൂനതകളോടുള്ള ആക്രാന്തം കാരണം
ന്യൂനപക്ഷത്തിന്റെ ജീവനും മാനവുമെടുത്തയാള്‍.

പിന്നെയും ചിലരുണ്ട്,
ഗാന്ധി നെയ്ത വെള്ളവസ്ത്രത്തില്‍
എത്ര ചോരവീണാലും
മതമുതലെടുപ്പിന്റെ സര്‍ഫില്‍ മുങ്ങുന്നവര്‍.

ള്‍ക്കാര്‍ ഇനിയും കുറച്ചുണ്ട്.
പക്ഷെ അനക്കാന്‍ നാവില്ല,
ഉയര്‍ത്താന്‍ വിരലില്ല.

Read more...

വിഷം കലര്‍ന്ന എച്ചില്‍ വറ്റുകള്‍

>> Saturday, November 6, 2010

നട്ടപ്പാതിരായ്ക്ക് സി എഫ് എല്‍ ബള്‍ബിന്‍ ചുവട്ടില്‍
വാക്കുകള്‍ പെറുക്കിക്കൂട്ടുമ്പോള്‍ ഓര്‍മ്മ വരുന്നത്,
നട്ടുച്ചയ്ക്ക് പൊരിയുന്ന സൂര്യന്റെ എരിയുന്ന വെയിലത്ത്,
തണലായ മാവിങ്കൊമ്പില്‍ നിന്ന്
ഞാന്‍ പറിച്ചിടുന്ന പച്ചമാങ്ങകള്‍ പെറുക്കിക്കൂട്ടുന്ന
അവളെയാണ്.
പാവാടക്കൊട്ടയില്‍ നിലംതൊടാതെ പിടിച്ച മാങ്ങകളെല്ലാം
അവള്‍ പഴുക്കാന്‍ വെച്ചതെവിടെയായിരുന്നു?
എങ്കിലും പെറുക്കിക്കൂട്ടിയവയെല്ലാം പഴുത്ത്-
പഞ്ചാരമാങ്ങകളായ് മാറിയിരുന്നു.


ഞാന്‍ പൊഴിച്ചിടുന്നവ പെറുക്കിക്കൂട്ടാന്‍
ഞാനാല്‍ വിധിക്കപ്പെട്ടതായിരുന്നു അവളെന്ന തോന്നല്‍,
അവളുടെ ചിതയിലും എന്റെ ചിന്തയിലും
അവസാന കൊള്ളി വെക്കുന്ന നേരവും അലട്ടിയിരുന്നു.


ബാല്യത്തെ പിറകിലാക്കി മാവേറുമ്പോള്‍ താഴെ കണ്ടത്,
ബ്ലൌസിന്റെ വിടവിലൂടെ അവളുടെ മുലകളായിരുന്നു.
യൌവനത്തിന്റെ ഏതോ കൊമ്പില്‍ തൂങ്ങിക്കിടന്ന
പഴുത്ത പഞ്ചാരമാങ്ങ ഊമ്പിക്കുടിച്ച്,വലിച്ചെറിഞ്ഞ-
അണ്ടി അവളില്‍ ഒരു മാവിന്തൈയ്യായ് മുളച്ചിരുന്നു.


പട്ടുപാവാ‍ടയില്‍ നിന്ന് അടിപ്പാവാടയിലേക്കവള്‍ വളര്‍ന്നപ്പോള്‍,
മാങ്ങ പഴുക്കാന്‍ വെക്കാറുള്ള മാറിടം
യാഥാര്‍ത്ഥ്യങ്ങളുടെ കോന്തന്‍പല്ലുകള്‍കൊണ്ട് വ്രണിതമായിരുന്നു.


കായ്ക്കാത്ത എന്റെ,പഴുക്കാത്ത പച്ചമാങ്ങകള്‍
പച്ചജീവിതത്തിന്‍ സ്മാരകങ്ങളായ് അവളുടെ മാറിടങ്ങളില്‍
കല്ലിച്ചിരിപ്പുണ്ടായിരുന്നു.


“നീയില്ലാത്ത സായന്തനങ്ങളിലെന്നും
എന്തൊക്കെയോ പൊഴിച്ചിടാറുണ്ട്.
പച്ചമാങ്ങകളുടെ പുളി എനിക്ക് ശീലമായിരിക്കുന്നു.

എന്റെ കയറ്റവും നിന്റെ ഇറക്കവും കാണിച്ച മാവ്
ഇനിയെനിക്ക് ചിതയൊരുക്കട്ടെ!”

Read more...

വര്‍ദ്ധിക്കുന്ന വഴികള്‍

>> Tuesday, June 22, 2010


എനിക്ക് നിന്നിലേക്കും നിനക്കെന്നിലേക്കും
ഒരേ വഴിയാണെന്ന് ഞാനെന്നോ പാടിയിരുന്നു.
വരിക്കപ്ലാവിന്റെ എത്താക്കൊമ്പില്‍ കെട്ടിയ ഊഞ്ഞാല്‍ പോലെ
നിന്നിലേക്കും എന്നിലേക്കും ഒരേ വഴിയായിരുന്നു.
നിന്റെ കൈയ്യാലപ്പുറത്തെ തെങ്ങിന്റെ തേങ്ങയും
ഇവിടുത്തെ പ്ലാവിന്റെ വരിക്ക ചക്കയും
ഇങ്ങോട്ടുമങ്ങോട്ടുമോടിയത് അതേ വഴിയിലേ തന്നെ.
മൂലയോടിലേ ഒഴുകിവരുന്ന മഴവെള്ളം മുറ്റവും കൈയ്യാലയും-
കടന്നൊഴുകിപ്പോയിരുന്നതും ഒരേ വഴിയിലേ തന്നെയായിരുന്നു.
ചാലിനു കുറുകേ നിന്നിലേക്കും എന്നിലേക്കും ചവിട്ടി-
പോകാന്‍ രണ്ട് തെങ്ങ് ചേര്‍ത്ത് വെച്ച പാലവും ഒന്നേ ഉണ്ടായിരുന്നുള്ളൂ.
അമ്മമാരുടെ കോഴിക്കറിയും പാല്‍പ്പായസവും,
ബാക്കിയാക്കപ്പെടാനിരിക്കുന്ന ചോറും ബാക്കിയാക്കപ്പെട്ട കുള്‍ത്തും*,
നിന്റെയും എന്റെയും പാത്രത്തിലേക്ക് ഒഴുകി വന്നതും ഒരേ വഴിയിലേ തന്നെ.
വഴിയില്‍ തളം കെട്ടിയ ചളിവെള്ളം വെള്ളമുണ്ടില്‍ പതിപ്പിക്കുന്ന
ബാര്‍ചെരുപ്പ് അച്ഛന്മാര്‍ക്ക് രണ്ടാള്‍ക്കും ഉണ്ടായിരുന്നല്ലോ.
അമ്മമാരുടെ നുണയിലെ നേരും അച്ഛന്മാരുടെ നേരിലെ നോവും
ഒഴുകിയ വഴിയും ഒന്ന് തന്നെ.
നിന്റെ മലയാളപുസ്തകവും എന്റെ കണക്ക് പുസ്തകവും
കടലാസുതോണികളായ് ഒഴുകിപ്പോയതും ഒരേ ഒഴുക്കില്‍.
റെയിലിന്റെ വക്കില്‍ നിന്നും പെറുക്കിയെടുത്ത കടലാസ് ഗ്ലാസിലേ,
വായില്‍ നിന്നും കാതിലേക്ക്,ശബ്ദമൊഴുകിപ്പോയതും ഒരേ നൂലിലൂടെ.
മഴക്കാലത്ത്,വഴിയോരത്തെ നനഞ്ഞ മണ്ണില്‍ ചിരട്ടകള്‍
അപ്പവും കിണറും വീടും തീര്‍ത്തിട്ടുണ്ട്.

ഈ വേനല്‍ക്കാലത്ത്, വരണ്ട മണ്ണിലേ കറുത്ത ടെലിഫോണ്‍-
കേബിളുകള്‍ ഇഴഞ്ഞുപോയത് ഇരു വഴികളിലേയാണ്.
എന്റെ പ്രണയമേ,നിന്നെ ഒരു ഫോണ്‍കോളിന്റെ
അകലത്തിലെത്തിച്ചത് ഏത് വഴിയാണ്?
നോക്കുകുത്തികളാക്കപ്പെട്ട ടെലിഫോണ്‍ പോസ്റ്റുകള്‍
വയലിലെ ഒരിക്കലും തൊടാത്ത അകലത്തില്‍ നില്‍ക്കുന്ന
ഗോള്‍പോസ്റ്റുകളാകുമ്പോള്‍
ഏതോ പിണക്കത്തിന്റെ ഗോളുകള്‍
ആയിരം വഴിയിലേ നിന്നിലും എന്നിലും നിറയുന്നു.
------------------------------------------------------------
*കുള്‍ത്ത്=പഴങ്കഞ്ഞി

Read more...

ഉപ്പിലിട്ട മാങ്ങകള്‍

>> Tuesday, June 8, 2010


അടുക്കള മൂലയിലിരിക്കുന്ന അരയോളം ഉയരമുള്ള ഭരണിയില്‍
ഒളിച്ചിരിക്കുന്ന ഉപ്പിലിട്ടുവെച്ച ഒട്ടുമാങ്ങകളിലേക്കായിരുന്നു,
അമ്മൂമ്മ മുറ്റത്ത് മെടഞ്ഞിട്ടിരിക്കുന്ന ഓലകളില്‍ ചവിട്ടി വഴുതാതെ,
ചളിവെള്ളം ചവിട്ടിത്തെറിപ്പിച്ച് നീങ്ങാറ്.
നിധി പോലെ,ചാണകം മെഴുകിയ കൂട്ടയില്‍
മറച്ചുവെച്ചിട്ടുണ്ടാകും ആ ഭരണി.
രോമങ്ങള്‍ ചെരണ്ടിയ ചിരട്ടത്തവിയില്‍
പൊന്തിവരുന്ന ഉപ്പിലിട്ട മാങ്ങകള്‍ ലഹരിയുണ്ടാക്കാറ്
മുളച്ചിട്ടില്ലാത്ത അണപ്പല്ലിന്റെ അരികിലായിരുന്നു.

കഴിഞ്ഞുപോയ മാമ്പഴക്കാ‍ലത്ത് പെറുക്കിക്കൂട്ടിയ
ചള്ളും മൂത്തതും വാടിയതുമായ ഒട്ടുമാങ്ങകളുടെ ഈ കോലം
അമ്മൂമ്മയുടെ ബ്ലൌസിടാത്ത മുലകള്‍ പോലെയായിരുന്നു.
ഉപ്പുസത്യാഗ്രഹത്തിന്റെ പഴക്കമുള്ള അമ്മൂമ്മ ഭരണിയില്‍ നിന്ന്-
ഉപ്പിലിട്ടതെടുത്ത് കഞ്ഞിപ്പാത്രത്തിലേക്ക് ഇടുമ്പോള്‍
തൂങ്ങുന്ന മുലകള്‍ കണ്ട് ചിരിക്കാറുണ്ട്.

ഓര്‍മമ്മയിലില്ല പലതും,
ചുമരില്‍ തേച്ച കുമ്മായം പോലെ
ഓര്‍മ്മകള്‍ പലതും അടര്‍ന്ന് പോയിരുന്നു.
പൊട്ടിയ മൂലയോടിലേ കോരിച്ചൊരിയുന്ന മഴ
തുള്ളിത്തുള്ളിയായി കഞ്ഞിക്കലത്തിലേക്ക് വീഴുന്ന പോലെ,
ഓര്‍മ്മകള്‍ പലതും അരിച്ചെടുക്കപ്പെട്ടിരുന്നു.
---------------------------------------------------------

എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടാന്‍ അമ്മ നേരിട്ട് വന്നു.
കോരിച്ചൊരിയുന്ന മഴയെ വൈപ്പര്‍ തൂത്തെറിഞ്ഞു-
കളയുന്നുവെങ്കിലും വീട്ടിലേക്കുള്ള വഴി പോലും മനസ്സില്‍ വരുന്നില്ല.

കുശലാന്വേഷണങ്ങള്‍ക്കിടയില്‍ മക്കളുടെ ചോദ്യം:
‘ഞങ്ങള്‍ക്കും പെറുക്കി വെച്ചിട്ടുണ്ടാകില്ലേ ഗ്രാന്റ്മാ,
അച്ചന്റെ പ്രിയപ്പെട്ട ഉപ്പുമാങ്ങകള്‍?‘

അതിനിടയില്‍ എത്ര മുലകള്‍ കണ്ടു..
എത്ര രുചികള്‍ കൊണ്ടു..
അമ്മൂമ്മയുടെ തൂങ്ങുന്ന മുലകളും ഉപ്പിലിട്ടതും
പണ്ടേ മറന്നു പോയിരിക്കുന്നു.

Read more...

തിരിച്ചു കയറാത്ത കുപ്പിവളകള്‍

>> Monday, May 10, 2010


നിന്റെ ഉള്ളം കൈയ്യില്‍ കൈചേര്‍ത്ത് പിടിച്ച് വലിച്ച്,
ആറാട്ടിന് ചന്തയില്‍ നിന്ന് വാങ്ങി,
കൂമ്പിയ കൈവിരലുകളിലൂടെ,
നിന്റെ നേര്‍ത്ത കൈയ്യില്‍ കോര്‍ത്ത കുപ്പിവളകള്‍
ഇന്നും കിലുങ്ങിച്ചിരിക്കുന്നുണ്ട്.
നേട്ടങ്ങളെല്ലാം നിന്നില്‍ നോട്ടങ്ങളായ് നിറഞ്ഞപ്പോഴും
പൊട്ടാതെ സൂക്ഷിച്ചിരുന്നു നീ
ആ ചുവന്ന നിറമുള്ള കുപ്പിവളകള്‍.
എത്താക്കൊമ്പിലെ മാങ്ങയ്ക്കും,
വരണ്ട മണ്ണില്‍ വെള്ളം തിരഞ്ഞ ചിരട്ടയ്ക്കും,
കണ്ണുപൊത്തിക്കളിച്ച തൂണുകള്‍ക്കും
പൊട്ടിക്കാന്‍ പറ്റാത്തവിധം സൂക്ഷിച്ചിരുന്നു
നീ ആ കുപ്പിവളകള്‍.
പത്താം ക്ലാസിലെ പിറകിലേ ബെഞ്ചിലിരുന്ന
ആ കള്ളുകുടിയന്‍ ദാസന്‍ പൊട്ടിയ വളകളുമായി
വളചൊട്ടിക്കളി കളിക്കുമ്പോള്‍,
ആരും കാണാതെ തൂവാലയില്‍ മറച്ചുവെച്ചിരുന്നു
നീ ആ കുപ്പിവളകള്‍.
കൈയ്യിലെ പൊന്തിനില്‍ക്കുന്ന ഞരമ്പുകളിലെ-
ഒഴുക്കിന്റെ താളം ആ വളകളിലെവിടെയോ
തളം കെട്ടിക്കിടക്കുന്നുണ്ട് ഇന്നും.
നുള്ളിയും പിച്ചിയും കണ്ണുകലക്കി അടര്‍ന്നുപോയ
നേര്‍ത്ത രോമങ്ങള്‍ പൊട്ടാവട്ടത്തിലിന്നും
പറ്റിപ്പിടിച്ചിരിപ്പുണ്ട്.

വാച്ചിനും സമയത്തിനും കയ്യേറാന്‍ പറ്റാതിരുന്ന
കൈത്തണ്ടയില്‍ കാലപ്പഴക്കത്താല്‍ ഓര്‍മ്മകള്‍
വീര്‍ത്തുവരുന്നുണ്ടെന്നറിഞ്ഞില്ല ഞാന്‍.
ആസക്തിയുടെ തടിച്ച പേശികള്‍,
വളകളെ പൊട്ടിച്ചു കളയുമായിരുന്നു അല്ലേ?

എങ്കിലും ബാക്കി വെച്ചിരുന്നു നീ
പൊട്ടാതെ ആ കുപ്പിവളകള്‍.
ഇനി ഒരിക്കലും തിരിച്ച് കയറാത്ത ആ
കുപ്പിവളകള്‍ എനിക്കായ് ഊരിവെച്ചിരുന്നു.
നിന്റെ കൈ നിറയാത്ത
പൊട്ടാത്ത കുപ്പിവള വട്ടത്തിലേ,
ഇന്നും ഞാന്‍ അറിയുന്നുണ്ട്,
കൊഞ്ചലും കരച്ചിലും പൊട്ടിച്ചിരിയും നിറഞ്ഞ
ഒഴുക്കിന്റെ മര്‍മ്മരങ്ങള്‍,ഓര്‍മ്മകളുടെ കിലുക്കങ്ങള്‍...

Read more...

ദാഹം

>> Friday, February 26, 2010“യോനിക്കീറിലേ ഒരു വാള്‍ കടത്തിയാല്‍ അത്
മലദ്വാരത്തിലേ പുറത്ത് വരുമോ?“
ഓര്‍ക്കുന്നില്ലേ,
ഉരുണ്ടഗോളത്തില്‍ നിറങ്ങള്‍ അതിരിട്ട
രാജ്യങ്ങളിലേക്ക് നോക്കി
നീ ചോദിച്ച സംശയം?
അന്ന് നീ കുഴിച്ചു നോക്കിയിരുന്നു.
മണ്ണപ്പം ചുട്ടുകളിക്കുന്ന ചിരട്ട
ഗര്‍ഭപാത്രത്തിലെ വെള്ളം തേടിപ്പോയിരുന്നു.
അന്ന് ഇന്ത്യയെ കുഴിച്ചിട്ട് നിനക്ക്
അമേരിക്ക കിട്ടിയിരുന്നില്ലേ?
കുഴിച്ച് കുഴിച്ച് നീയൊരു പൊട്ടക്കിണറുണ്ടാക്കിയില്ലേ?
ശമിച്ചിരുന്നോ അന്ന് നിന്റെ ദാഹം?

എന്റെ മോഹങ്ങളും സ്വപനങ്ങളും
വിദേശമദ്യഷോപ്പിലെ ചില്ലുകുപ്പികളായ്
ആ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയുമ്പോള്‍,
നീയെന്നെ വിളിച്ചിരുന്നില്ലേ,പേക്രോം തവളേന്ന്.
അതേടാ എന്റെ ലോകം ചെറുതായിരുന്നു,
നിന്റത്ര വലുതാവാന്‍ ശ്രമിച്ചിരുന്നില്ല എന്റെ യൌവനം.

രാമന്റമ്പലത്തിലെ കുളത്തില്‍
ആകാശനീലിമയുടെ പശ്ചാത്തലത്തില്‍
അലഞ്ഞുതിരിഞ്ഞ കൊക്കക്കോളടിന്നില്‍
ഒതുങ്ങിയിരുന്നു എന്റെ കൌതുകം.
ആകാശത്തിന്റെ വിശാലത ആ കുളത്തില്‍
ദാഹജലം തിരയുന്നുണ്ടെന്ന് പറഞ്ഞത് നീയല്ലേടാ?
അതേടാ അന്നും ഞാന്‍ പേക്രോം തവളയായിരുന്നു.
നീ താഴ്ചയില്‍ പരതിയത് തലക്ക് മുകളില്‍
ഉദിച്ചുനില്‍ക്കുമ്പോള്‍,വേഴാമ്പലിന്റെ കൂര്‍ത്ത-
കൊക്കുമായി ആകാശത്തേക്ക് പറന്നു പോയില്ലേ നീ,
തറച്ചു കയറ്റിയില്ലേ അത്.
അധിനിവേശത്തിന്റെ ഇത്തിള്‍ക്കണ്ണികള്‍
വലിച്ചുകുടിച്ച മഴയെ കുളിരായ് പെയ്യിച്ചില്ലേ നീ.

വാദങ്ങള്‍ തീവ്രമായത് കൊണ്ടാണോടാ
നിന്നെയവര്‍ തീവ്രവാദിയെന്നു വിളിച്ചത്?
ദാഹം കുറ്റവും വെള്ളം ശിക്ഷയുമാണെന്നായിരുന്നു,
കഴുത്തില്‍ കുരുക്ക് വീഴുമ്പോള്‍ നീ പറഞ്ഞത്.
-----------------------------------------------------ചിത്രത്തിന് കടപ്പാട്-പകല്‍ക്കിനാവന്‍

Read more...

നീ അണയുമ്പോഴേക്കും എന്റെ കാഴ്ച നശിച്ചിരുന്നു.

>> Tuesday, February 16, 2010

വൈപ്പര്‍,ചില്ലിലെ വെള്ളത്തുള്ളികള്‍
മായ്ക്കുന്നെങ്കിലും കാഴ്ചകള്‍ വ്യക്തമല്ല.
ചുട്ടുപെയ്യുന്ന വെയിലത്ത് പെയ്യുന്ന മഴയെ
സ്വപ്നങ്ങള്‍ എന്നും സ്വീകരിക്കുകയാണ്.
തിമിരമഴയില്‍ കുതിര്‍ന്ന്, ശവം താങ്ങികളായ
മുളകളെ പോലെ മനസ്സ് കഴുക്കോല്‍ക്കൂട്ടങ്ങളിലെവിടെയോ
പൂമ്പാറ്റ കുടുങ്ങിയ വണ്ണാമ്പില* തിരയുന്നു.
പൊട്ടിയ മൂലയോട് പോലെ, പൊട്ടിയ ചില്ലിലൂടെ
മഴ ചിന്നിത്തെറിക്കുന്നു.
അത് ഏഴുവര്‍ണ്ണങ്ങള്‍ കാട്ടി കാഴ്ചയെ വഴി തെറ്റിക്കുന്നു.
ബ്രേയ്ക്കിനോ,രക്ഷിക്കണേ എന്ന വിളിക്കോ
പിടിച്ചുനിര്‍ത്താന്‍ പറ്റാതെ,
റേഡിയോ ജോക്കിയുടെ വേഗത്തില്‍ പറന്നകലുന്നു.
പുറകിലെ കൂളിംഗ് ഗ്ലാസിലും കാഴ്ചകള്‍ വ്യക്തമല്ല.
ചോരത്തുളിയേയും മഴത്തുള്ളിയേയും
വേര്‍തിരിക്കാന്‍ പറ്റാത്ത വിധമല്ലേ
കൂളിംഗ് ഗ്ലാസ് അവിടെ പിടിപ്പിച്ചത്.
നശിച്ച മഴയെ പ്രാകുക പോലും ചെയ്യാതെ
മഴപ്പാറ്റകള്‍ പൊതിയുന്നുണ്ട്.
അവ കത്തിത്തീര്‍ന്നതിനെ ഉപേക്ഷിച്ചു മടങ്ങുകയാണ്.
എന്റെ സ്വപ്നങ്ങളുടെ ഏഴാം നില പണിയുകയായിരുന്നു നീ.
നീ അണയുമ്പോഴേക്കും മഴയണഞ്ഞിരുന്നില്ല,
എന്റെ കാഴ്ച നശിച്ചിരുന്നു,സോറി!
-------------------------------------
*വണ്ണാമ്പില-മാറാല

Read more...

മുന്നോട്ട് നീങ്ങുന്നവയില്‍ ഒന്ന്

>> Wednesday, February 10, 2010


മരങ്ങള്‍ പിന്നോട്ടല്ല, മുന്നോട്ടാണ് നീങ്ങുന്നതെന്ന്
മനസ്സിലാക്കിയത് പുറംതിരിഞ്ഞിരിക്കുമ്പോഴായിരുന്നു.
ആപേക്ഷികത നിശ്ചലനാക്കിയപ്പോഴും
ചലനത്തിന്റെ അനന്ത സാധ്യതകള്‍
ചാട്ടവാര്‍ വീശിയടിച്ച് ഓടിക്കുകയായിരുന്നു.
ഓടി മുന്നിലെത്തിയ നിന്നേക്കാള്‍
ഓടിച്ച് മുന്നിലെത്തിയ എന്നെ
സ്വീകാര്യനാക്കിയതും അതായിരുന്നു.

ആ മരത്തൊട്ടില്‍ എന്നെയും പേറി
അന്നാടിയതെങ്ങോട്ടാവാം?
മുന്നോട്ടോ, പിന്നോട്ടോ?
അന്ന് ഞാനെങ്ങനെയാവാം കിടന്നിരിക്കുക?
മുഖം നോക്കിയോ പുറം തിരിഞ്ഞോ?

നമുക്ക്മേല്‍ പെയ്തിരുന്ന പ്രണയമഴയില്‍ കുതിര്‍ന്ന്
ആ ഒഴുക്കില്‍ നിന്റെ ചങ്ങാത്തവും ചങ്ങാടവും
നീങ്ങിയതെങ്ങോട്ടായിരുന്നു?
മുന്നോട്ട് തന്നെയല്ലേ?

ഇനിയാ മരം എന്നെയും പേറി എങ്ങോട്ടാവാം തിരിക്കുക?
തെക്കോട്ടോ,വടക്കോട്ടോ?
മുന്നോട്ടോ,പിന്നോട്ടോ?
മരം മുന്നോട്ടേക്കും മരണം പിന്നോട്ടേക്കുമല്ലേ?

മരം ഒരിക്കലും നിശ്ചലനല്ലെന്നു പറഞ്ഞത്
ഇണചേര്‍ക്കാതെ ഉരുളുന്ന ചക്രങ്ങളല്ല,
പുറം തിരിഞ്ഞിരിക്കുന്ന ഞാനാണ്.

Read more...

സ്വീകരിക്കപ്പെടാത്ത ഉമ്മകള്‍

>> Tuesday, February 2, 2010

ഡിസംബറിന്റെ ഉച്ഛിഷ്ടങ്ങളും പേറി ജനുവരി മഞ്ഞ്
പുതുവത്സരാശംസകള്‍ വെള്ള പൂശിയ ടാറിട്ട റോഡില്‍
മനസ്സുരുക്കുന്നു.
പോയവര്‍ഷത്തോടുള്ള വിടപറച്ചില്‍
എഴുത്തുകള്‍ക്ക് മുകളിലായവ
ഒരിക്കലും സ്വീകരിക്കപ്പെടാത്ത
ഉമ്മകളായ് പെയ്യുന്നു.

ലഹരിയുടെ സ്വകാര്യത ഭഞ്ജിച്ചവ
രസം ചൊരിയുന്നു.
സഭ്യതയുടെ അതിരുകള്‍ പൊട്ടിച്ചവ
തിരസ്കരിക്കപ്പെടുന്നു.

പ്രകാശം പോലും ഉപേക്ഷിച്ചവയ്ക്ക്
ഉമ്മവെയ്ക്കാനെന്തധികാരം?
പഴിയായ്,പിഴയായ് ഉമ്മകളെ കടിച്ചെടുത്ത്
ചവച്ച് ചവര്‍പ്പ് തുപ്പുന്നതിനേക്കാള്‍
അവ സ്വീകരിക്കപ്പെടാത്തതല്ലേ നല്ലത്?
ഗൃഹാത്വരത ലഹരിയെങ്കില്‍ മഞ്ഞിനി പെയ്യാതിരിക്കട്ടെ.
ആശംസാ എഴുത്തുകള്‍ക്കവ ജലദോഷം വരുത്തേണ്ട.
സ്വീകരിക്കപ്പെടാത്ത ഉമ്മകള്‍ കടമായിരിക്കട്ടെ,
ഒരു വേനല്‍ വരെയെങ്കിലും..

Read more...

കാവല്‍ക്കാരിക്ക്

>> Friday, January 22, 2010താഴെ നിന്ന് വിരല്‍ത്തുമ്പ് നീട്ടി ഞാനിവിടെയുണ്ടെന്ന
നിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഈ കുന്നിനെ മരുഭൂമിയാക്കുന്നില്ല.
കടല്‍ അതിരിട്ട ആകാശവട്ടത്തില്‍ നിന്ന്
എന്‍ മിഴി മാറ്റാതെ താഴെ നീ കാവലിരിക്കുന്നു.
സ്വപ്നങ്ങള്‍ക്ക് ആകാശവര്‍ണമായത്കൊണ്ടാ
ഇവിടെ മരുഭൂമികള്‍ സൃഷ്ടിക്കപ്പെടാത്തതെന്ന്
നീ പറഞ്ഞു.
കണ്ണിലൊതുങ്ങാത്ത സ്വപ്നങ്ങളും കൊണ്ട്
അഗാധതയിലേക്ക് വീഴാത്തത് ഈ കുന്ന്
നിന്‍ വിരല്‍ത്തുമ്പിലെന്ന വിശ്വാസത്താലെന്ന്
ഞാന്‍ പറഞ്ഞു.
അതിരിട്ട് തിരിച്ച കശുമാവുകള്‍ കുലുക്കി,
വേര്‍തിരിക്കുന്നതിന്റെ വേദനയോടെ
കശുമാങ്ങ പറിച്ചെടുത്ത് ഊമ്പിക്കുടിച്ച്
കശുവണ്ടി ഷര്‍ട്ടിന്റെ കീശയിലിട്ട്,
കളയാത്ത താടിരോമങ്ങള്‍ പോലെ
ഉണങ്ങിയ പുല്‍പ്പരപ്പിലൂടെ,
പുലയന്റെയും നായരുടെയും തീയ്യന്റെയും
ശ്മശാനപ്പറമ്പിലൂടെ,
ഉയരത്തിന്റെ ദാഹത്താല്‍ താഴ്ചയുടെ ആര്‍ദ്രതയിലേക്ക്
കുടലാഴ്ത്തുന്ന പൊട്ടക്കിണറ്റിന്റെ അരികിലൂടെ,
ആരോ എന്നൊ മറന്നുവെച്ച വീടിന്റെ അകത്തളത്തിലൂടെ,
ഉറുമ്പിന്‍പുറ്റില്‍ മാളങ്ങള്‍ തിരയുന്ന മൂര്‍ഖനെപ്പോലെ,
ഗുളികന്‍ ഉറഞ്ഞാടുന്ന അറക്കരികിലൂടെ,
കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ,
നിന്റെ സ്വപ്നങ്ങളുടെ ചൂളി പറത്തി കടലകൊറിച്ച്,
ചുറ്റിയ വഴിയിലൂടെ തന്നെ വീണ്ടും വീണ്ടും അലയുമ്പോള്‍,
ചൂണ്ടുവിരല്‍ മുകളിലേക്കുയര്‍ത്തിപ്പിടിച്ച്
കാവല്‍ നില്‍ക്കുന്ന നിന്റെ സഹനമാണ് ഇന്നെന്റെ വാക്കുകള്‍.

ഇനിയെന്‍ സാമ്രാജ്യം വിഴുങ്ങാന്‍ വരുന്ന
യന്ത്രഭീമന്റെ വായിലേക്ക് നോക്കി
നിസ്സഹായയായ് നില്‍ക്കുന്ന നിന്നെയാണെനിക്ക് പേടിയും.

വാല്‍ ചുരുട്ടി അടിക്കട്ടെ,
നഖത്താല്‍ മാന്തിപ്പറിക്കട്ടെ,
അടിയോടെ പിഴുതെടുത്തോട്ടെ,
മരുഭൂവില്‍ പുതു സാമ്രാജ്യം കെട്ടിപ്പടുക്കട്ടെ,
മുകളിലേക്കുയര്‍ത്തിയെന്‍ മാര്‍ഗ്ഗം തെളിക്കുന്ന
നിന്‍ വിരര്‍ത്തുമ്പിലാണെന്റെ വാക്കുകള്‍..
ഓര്‍ക്കുക നീ:
നിനക്കെന്നെയോ നിന്നെയോ പേടിയില്ലാത്ത നാള്‍ വരെ
നീ വിരല്‍ ചൂണ്ടുന്ന എന്‍ സാമ്രാജ്യം എനിക്കന്യമല്ല.

Read more...
കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP