..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

വിഷം കലര്‍ന്ന എച്ചില്‍ വറ്റുകള്‍

>> Saturday, November 6, 2010

നട്ടപ്പാതിരായ്ക്ക് സി എഫ് എല്‍ ബള്‍ബിന്‍ ചുവട്ടില്‍
വാക്കുകള്‍ പെറുക്കിക്കൂട്ടുമ്പോള്‍ ഓര്‍മ്മ വരുന്നത്,
നട്ടുച്ചയ്ക്ക് പൊരിയുന്ന സൂര്യന്റെ എരിയുന്ന വെയിലത്ത്,
തണലായ മാവിങ്കൊമ്പില്‍ നിന്ന്
ഞാന്‍ പറിച്ചിടുന്ന പച്ചമാങ്ങകള്‍ പെറുക്കിക്കൂട്ടുന്ന
അവളെയാണ്.
പാവാടക്കൊട്ടയില്‍ നിലംതൊടാതെ പിടിച്ച മാങ്ങകളെല്ലാം
അവള്‍ പഴുക്കാന്‍ വെച്ചതെവിടെയായിരുന്നു?
എങ്കിലും പെറുക്കിക്കൂട്ടിയവയെല്ലാം പഴുത്ത്-
പഞ്ചാരമാങ്ങകളായ് മാറിയിരുന്നു.


ഞാന്‍ പൊഴിച്ചിടുന്നവ പെറുക്കിക്കൂട്ടാന്‍
ഞാനാല്‍ വിധിക്കപ്പെട്ടതായിരുന്നു അവളെന്ന തോന്നല്‍,
അവളുടെ ചിതയിലും എന്റെ ചിന്തയിലും
അവസാന കൊള്ളി വെക്കുന്ന നേരവും അലട്ടിയിരുന്നു.


ബാല്യത്തെ പിറകിലാക്കി മാവേറുമ്പോള്‍ താഴെ കണ്ടത്,
ബ്ലൌസിന്റെ വിടവിലൂടെ അവളുടെ മുലകളായിരുന്നു.
യൌവനത്തിന്റെ ഏതോ കൊമ്പില്‍ തൂങ്ങിക്കിടന്ന
പഴുത്ത പഞ്ചാരമാങ്ങ ഊമ്പിക്കുടിച്ച്,വലിച്ചെറിഞ്ഞ-
അണ്ടി അവളില്‍ ഒരു മാവിന്തൈയ്യായ് മുളച്ചിരുന്നു.


പട്ടുപാവാ‍ടയില്‍ നിന്ന് അടിപ്പാവാടയിലേക്കവള്‍ വളര്‍ന്നപ്പോള്‍,
മാങ്ങ പഴുക്കാന്‍ വെക്കാറുള്ള മാറിടം
യാഥാര്‍ത്ഥ്യങ്ങളുടെ കോന്തന്‍പല്ലുകള്‍കൊണ്ട് വ്രണിതമായിരുന്നു.


കായ്ക്കാത്ത എന്റെ,പഴുക്കാത്ത പച്ചമാങ്ങകള്‍
പച്ചജീവിതത്തിന്‍ സ്മാരകങ്ങളായ് അവളുടെ മാറിടങ്ങളില്‍
കല്ലിച്ചിരിപ്പുണ്ടായിരുന്നു.


“നീയില്ലാത്ത സായന്തനങ്ങളിലെന്നും
എന്തൊക്കെയോ പൊഴിച്ചിടാറുണ്ട്.
പച്ചമാങ്ങകളുടെ പുളി എനിക്ക് ശീലമായിരിക്കുന്നു.

എന്റെ കയറ്റവും നിന്റെ ഇറക്കവും കാണിച്ച മാവ്
ഇനിയെനിക്ക് ചിതയൊരുക്കട്ടെ!”

Read more...
കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP