..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

വര്‍ദ്ധിക്കുന്ന വഴികള്‍

>> Tuesday, June 22, 2010


എനിക്ക് നിന്നിലേക്കും നിനക്കെന്നിലേക്കും
ഒരേ വഴിയാണെന്ന് ഞാനെന്നോ പാടിയിരുന്നു.
വരിക്കപ്ലാവിന്റെ എത്താക്കൊമ്പില്‍ കെട്ടിയ ഊഞ്ഞാല്‍ പോലെ
നിന്നിലേക്കും എന്നിലേക്കും ഒരേ വഴിയായിരുന്നു.
നിന്റെ കൈയ്യാലപ്പുറത്തെ തെങ്ങിന്റെ തേങ്ങയും
ഇവിടുത്തെ പ്ലാവിന്റെ വരിക്ക ചക്കയും
ഇങ്ങോട്ടുമങ്ങോട്ടുമോടിയത് അതേ വഴിയിലേ തന്നെ.
മൂലയോടിലേ ഒഴുകിവരുന്ന മഴവെള്ളം മുറ്റവും കൈയ്യാലയും-
കടന്നൊഴുകിപ്പോയിരുന്നതും ഒരേ വഴിയിലേ തന്നെയായിരുന്നു.
ചാലിനു കുറുകേ നിന്നിലേക്കും എന്നിലേക്കും ചവിട്ടി-
പോകാന്‍ രണ്ട് തെങ്ങ് ചേര്‍ത്ത് വെച്ച പാലവും ഒന്നേ ഉണ്ടായിരുന്നുള്ളൂ.
അമ്മമാരുടെ കോഴിക്കറിയും പാല്‍പ്പായസവും,
ബാക്കിയാക്കപ്പെടാനിരിക്കുന്ന ചോറും ബാക്കിയാക്കപ്പെട്ട കുള്‍ത്തും*,
നിന്റെയും എന്റെയും പാത്രത്തിലേക്ക് ഒഴുകി വന്നതും ഒരേ വഴിയിലേ തന്നെ.
വഴിയില്‍ തളം കെട്ടിയ ചളിവെള്ളം വെള്ളമുണ്ടില്‍ പതിപ്പിക്കുന്ന
ബാര്‍ചെരുപ്പ് അച്ഛന്മാര്‍ക്ക് രണ്ടാള്‍ക്കും ഉണ്ടായിരുന്നല്ലോ.
അമ്മമാരുടെ നുണയിലെ നേരും അച്ഛന്മാരുടെ നേരിലെ നോവും
ഒഴുകിയ വഴിയും ഒന്ന് തന്നെ.
നിന്റെ മലയാളപുസ്തകവും എന്റെ കണക്ക് പുസ്തകവും
കടലാസുതോണികളായ് ഒഴുകിപ്പോയതും ഒരേ ഒഴുക്കില്‍.
റെയിലിന്റെ വക്കില്‍ നിന്നും പെറുക്കിയെടുത്ത കടലാസ് ഗ്ലാസിലേ,
വായില്‍ നിന്നും കാതിലേക്ക്,ശബ്ദമൊഴുകിപ്പോയതും ഒരേ നൂലിലൂടെ.
മഴക്കാലത്ത്,വഴിയോരത്തെ നനഞ്ഞ മണ്ണില്‍ ചിരട്ടകള്‍
അപ്പവും കിണറും വീടും തീര്‍ത്തിട്ടുണ്ട്.

ഈ വേനല്‍ക്കാലത്ത്, വരണ്ട മണ്ണിലേ കറുത്ത ടെലിഫോണ്‍-
കേബിളുകള്‍ ഇഴഞ്ഞുപോയത് ഇരു വഴികളിലേയാണ്.
എന്റെ പ്രണയമേ,നിന്നെ ഒരു ഫോണ്‍കോളിന്റെ
അകലത്തിലെത്തിച്ചത് ഏത് വഴിയാണ്?
നോക്കുകുത്തികളാക്കപ്പെട്ട ടെലിഫോണ്‍ പോസ്റ്റുകള്‍
വയലിലെ ഒരിക്കലും തൊടാത്ത അകലത്തില്‍ നില്‍ക്കുന്ന
ഗോള്‍പോസ്റ്റുകളാകുമ്പോള്‍
ഏതോ പിണക്കത്തിന്റെ ഗോളുകള്‍
ആയിരം വഴിയിലേ നിന്നിലും എന്നിലും നിറയുന്നു.
------------------------------------------------------------
*കുള്‍ത്ത്=പഴങ്കഞ്ഞി

Read more...

ഉപ്പിലിട്ട മാങ്ങകള്‍

>> Tuesday, June 8, 2010


അടുക്കള മൂലയിലിരിക്കുന്ന അരയോളം ഉയരമുള്ള ഭരണിയില്‍
ഒളിച്ചിരിക്കുന്ന ഉപ്പിലിട്ടുവെച്ച ഒട്ടുമാങ്ങകളിലേക്കായിരുന്നു,
അമ്മൂമ്മ മുറ്റത്ത് മെടഞ്ഞിട്ടിരിക്കുന്ന ഓലകളില്‍ ചവിട്ടി വഴുതാതെ,
ചളിവെള്ളം ചവിട്ടിത്തെറിപ്പിച്ച് നീങ്ങാറ്.
നിധി പോലെ,ചാണകം മെഴുകിയ കൂട്ടയില്‍
മറച്ചുവെച്ചിട്ടുണ്ടാകും ആ ഭരണി.
രോമങ്ങള്‍ ചെരണ്ടിയ ചിരട്ടത്തവിയില്‍
പൊന്തിവരുന്ന ഉപ്പിലിട്ട മാങ്ങകള്‍ ലഹരിയുണ്ടാക്കാറ്
മുളച്ചിട്ടില്ലാത്ത അണപ്പല്ലിന്റെ അരികിലായിരുന്നു.

കഴിഞ്ഞുപോയ മാമ്പഴക്കാ‍ലത്ത് പെറുക്കിക്കൂട്ടിയ
ചള്ളും മൂത്തതും വാടിയതുമായ ഒട്ടുമാങ്ങകളുടെ ഈ കോലം
അമ്മൂമ്മയുടെ ബ്ലൌസിടാത്ത മുലകള്‍ പോലെയായിരുന്നു.
ഉപ്പുസത്യാഗ്രഹത്തിന്റെ പഴക്കമുള്ള അമ്മൂമ്മ ഭരണിയില്‍ നിന്ന്-
ഉപ്പിലിട്ടതെടുത്ത് കഞ്ഞിപ്പാത്രത്തിലേക്ക് ഇടുമ്പോള്‍
തൂങ്ങുന്ന മുലകള്‍ കണ്ട് ചിരിക്കാറുണ്ട്.

ഓര്‍മമ്മയിലില്ല പലതും,
ചുമരില്‍ തേച്ച കുമ്മായം പോലെ
ഓര്‍മ്മകള്‍ പലതും അടര്‍ന്ന് പോയിരുന്നു.
പൊട്ടിയ മൂലയോടിലേ കോരിച്ചൊരിയുന്ന മഴ
തുള്ളിത്തുള്ളിയായി കഞ്ഞിക്കലത്തിലേക്ക് വീഴുന്ന പോലെ,
ഓര്‍മ്മകള്‍ പലതും അരിച്ചെടുക്കപ്പെട്ടിരുന്നു.
---------------------------------------------------------

എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടാന്‍ അമ്മ നേരിട്ട് വന്നു.
കോരിച്ചൊരിയുന്ന മഴയെ വൈപ്പര്‍ തൂത്തെറിഞ്ഞു-
കളയുന്നുവെങ്കിലും വീട്ടിലേക്കുള്ള വഴി പോലും മനസ്സില്‍ വരുന്നില്ല.

കുശലാന്വേഷണങ്ങള്‍ക്കിടയില്‍ മക്കളുടെ ചോദ്യം:
‘ഞങ്ങള്‍ക്കും പെറുക്കി വെച്ചിട്ടുണ്ടാകില്ലേ ഗ്രാന്റ്മാ,
അച്ചന്റെ പ്രിയപ്പെട്ട ഉപ്പുമാങ്ങകള്‍?‘

അതിനിടയില്‍ എത്ര മുലകള്‍ കണ്ടു..
എത്ര രുചികള്‍ കൊണ്ടു..
അമ്മൂമ്മയുടെ തൂങ്ങുന്ന മുലകളും ഉപ്പിലിട്ടതും
പണ്ടേ മറന്നു പോയിരിക്കുന്നു.

Read more...
കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP