..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

തിരിച്ചു കയറാത്ത കുപ്പിവളകള്‍

>> Monday, May 10, 2010


നിന്റെ ഉള്ളം കൈയ്യില്‍ കൈചേര്‍ത്ത് പിടിച്ച് വലിച്ച്,
ആറാട്ടിന് ചന്തയില്‍ നിന്ന് വാങ്ങി,
കൂമ്പിയ കൈവിരലുകളിലൂടെ,
നിന്റെ നേര്‍ത്ത കൈയ്യില്‍ കോര്‍ത്ത കുപ്പിവളകള്‍
ഇന്നും കിലുങ്ങിച്ചിരിക്കുന്നുണ്ട്.
നേട്ടങ്ങളെല്ലാം നിന്നില്‍ നോട്ടങ്ങളായ് നിറഞ്ഞപ്പോഴും
പൊട്ടാതെ സൂക്ഷിച്ചിരുന്നു നീ
ആ ചുവന്ന നിറമുള്ള കുപ്പിവളകള്‍.
എത്താക്കൊമ്പിലെ മാങ്ങയ്ക്കും,
വരണ്ട മണ്ണില്‍ വെള്ളം തിരഞ്ഞ ചിരട്ടയ്ക്കും,
കണ്ണുപൊത്തിക്കളിച്ച തൂണുകള്‍ക്കും
പൊട്ടിക്കാന്‍ പറ്റാത്തവിധം സൂക്ഷിച്ചിരുന്നു
നീ ആ കുപ്പിവളകള്‍.
പത്താം ക്ലാസിലെ പിറകിലേ ബെഞ്ചിലിരുന്ന
ആ കള്ളുകുടിയന്‍ ദാസന്‍ പൊട്ടിയ വളകളുമായി
വളചൊട്ടിക്കളി കളിക്കുമ്പോള്‍,
ആരും കാണാതെ തൂവാലയില്‍ മറച്ചുവെച്ചിരുന്നു
നീ ആ കുപ്പിവളകള്‍.
കൈയ്യിലെ പൊന്തിനില്‍ക്കുന്ന ഞരമ്പുകളിലെ-
ഒഴുക്കിന്റെ താളം ആ വളകളിലെവിടെയോ
തളം കെട്ടിക്കിടക്കുന്നുണ്ട് ഇന്നും.
നുള്ളിയും പിച്ചിയും കണ്ണുകലക്കി അടര്‍ന്നുപോയ
നേര്‍ത്ത രോമങ്ങള്‍ പൊട്ടാവട്ടത്തിലിന്നും
പറ്റിപ്പിടിച്ചിരിപ്പുണ്ട്.

വാച്ചിനും സമയത്തിനും കയ്യേറാന്‍ പറ്റാതിരുന്ന
കൈത്തണ്ടയില്‍ കാലപ്പഴക്കത്താല്‍ ഓര്‍മ്മകള്‍
വീര്‍ത്തുവരുന്നുണ്ടെന്നറിഞ്ഞില്ല ഞാന്‍.
ആസക്തിയുടെ തടിച്ച പേശികള്‍,
വളകളെ പൊട്ടിച്ചു കളയുമായിരുന്നു അല്ലേ?

എങ്കിലും ബാക്കി വെച്ചിരുന്നു നീ
പൊട്ടാതെ ആ കുപ്പിവളകള്‍.
ഇനി ഒരിക്കലും തിരിച്ച് കയറാത്ത ആ
കുപ്പിവളകള്‍ എനിക്കായ് ഊരിവെച്ചിരുന്നു.
നിന്റെ കൈ നിറയാത്ത
പൊട്ടാത്ത കുപ്പിവള വട്ടത്തിലേ,
ഇന്നും ഞാന്‍ അറിയുന്നുണ്ട്,
കൊഞ്ചലും കരച്ചിലും പൊട്ടിച്ചിരിയും നിറഞ്ഞ
ഒഴുക്കിന്റെ മര്‍മ്മരങ്ങള്‍,ഓര്‍മ്മകളുടെ കിലുക്കങ്ങള്‍...

Read more...
കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP