..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

ദാഹം

>> Friday, February 26, 2010“യോനിക്കീറിലേ ഒരു വാള്‍ കടത്തിയാല്‍ അത്
മലദ്വാരത്തിലേ പുറത്ത് വരുമോ?“
ഓര്‍ക്കുന്നില്ലേ,
ഉരുണ്ടഗോളത്തില്‍ നിറങ്ങള്‍ അതിരിട്ട
രാജ്യങ്ങളിലേക്ക് നോക്കി
നീ ചോദിച്ച സംശയം?
അന്ന് നീ കുഴിച്ചു നോക്കിയിരുന്നു.
മണ്ണപ്പം ചുട്ടുകളിക്കുന്ന ചിരട്ട
ഗര്‍ഭപാത്രത്തിലെ വെള്ളം തേടിപ്പോയിരുന്നു.
അന്ന് ഇന്ത്യയെ കുഴിച്ചിട്ട് നിനക്ക്
അമേരിക്ക കിട്ടിയിരുന്നില്ലേ?
കുഴിച്ച് കുഴിച്ച് നീയൊരു പൊട്ടക്കിണറുണ്ടാക്കിയില്ലേ?
ശമിച്ചിരുന്നോ അന്ന് നിന്റെ ദാഹം?

എന്റെ മോഹങ്ങളും സ്വപനങ്ങളും
വിദേശമദ്യഷോപ്പിലെ ചില്ലുകുപ്പികളായ്
ആ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയുമ്പോള്‍,
നീയെന്നെ വിളിച്ചിരുന്നില്ലേ,പേക്രോം തവളേന്ന്.
അതേടാ എന്റെ ലോകം ചെറുതായിരുന്നു,
നിന്റത്ര വലുതാവാന്‍ ശ്രമിച്ചിരുന്നില്ല എന്റെ യൌവനം.

രാമന്റമ്പലത്തിലെ കുളത്തില്‍
ആകാശനീലിമയുടെ പശ്ചാത്തലത്തില്‍
അലഞ്ഞുതിരിഞ്ഞ കൊക്കക്കോളടിന്നില്‍
ഒതുങ്ങിയിരുന്നു എന്റെ കൌതുകം.
ആകാശത്തിന്റെ വിശാലത ആ കുളത്തില്‍
ദാഹജലം തിരയുന്നുണ്ടെന്ന് പറഞ്ഞത് നീയല്ലേടാ?
അതേടാ അന്നും ഞാന്‍ പേക്രോം തവളയായിരുന്നു.
നീ താഴ്ചയില്‍ പരതിയത് തലക്ക് മുകളില്‍
ഉദിച്ചുനില്‍ക്കുമ്പോള്‍,വേഴാമ്പലിന്റെ കൂര്‍ത്ത-
കൊക്കുമായി ആകാശത്തേക്ക് പറന്നു പോയില്ലേ നീ,
തറച്ചു കയറ്റിയില്ലേ അത്.
അധിനിവേശത്തിന്റെ ഇത്തിള്‍ക്കണ്ണികള്‍
വലിച്ചുകുടിച്ച മഴയെ കുളിരായ് പെയ്യിച്ചില്ലേ നീ.

വാദങ്ങള്‍ തീവ്രമായത് കൊണ്ടാണോടാ
നിന്നെയവര്‍ തീവ്രവാദിയെന്നു വിളിച്ചത്?
ദാഹം കുറ്റവും വെള്ളം ശിക്ഷയുമാണെന്നായിരുന്നു,
കഴുത്തില്‍ കുരുക്ക് വീഴുമ്പോള്‍ നീ പറഞ്ഞത്.
-----------------------------------------------------ചിത്രത്തിന് കടപ്പാട്-പകല്‍ക്കിനാവന്‍

Read more...

നീ അണയുമ്പോഴേക്കും എന്റെ കാഴ്ച നശിച്ചിരുന്നു.

>> Tuesday, February 16, 2010

വൈപ്പര്‍,ചില്ലിലെ വെള്ളത്തുള്ളികള്‍
മായ്ക്കുന്നെങ്കിലും കാഴ്ചകള്‍ വ്യക്തമല്ല.
ചുട്ടുപെയ്യുന്ന വെയിലത്ത് പെയ്യുന്ന മഴയെ
സ്വപ്നങ്ങള്‍ എന്നും സ്വീകരിക്കുകയാണ്.
തിമിരമഴയില്‍ കുതിര്‍ന്ന്, ശവം താങ്ങികളായ
മുളകളെ പോലെ മനസ്സ് കഴുക്കോല്‍ക്കൂട്ടങ്ങളിലെവിടെയോ
പൂമ്പാറ്റ കുടുങ്ങിയ വണ്ണാമ്പില* തിരയുന്നു.
പൊട്ടിയ മൂലയോട് പോലെ, പൊട്ടിയ ചില്ലിലൂടെ
മഴ ചിന്നിത്തെറിക്കുന്നു.
അത് ഏഴുവര്‍ണ്ണങ്ങള്‍ കാട്ടി കാഴ്ചയെ വഴി തെറ്റിക്കുന്നു.
ബ്രേയ്ക്കിനോ,രക്ഷിക്കണേ എന്ന വിളിക്കോ
പിടിച്ചുനിര്‍ത്താന്‍ പറ്റാതെ,
റേഡിയോ ജോക്കിയുടെ വേഗത്തില്‍ പറന്നകലുന്നു.
പുറകിലെ കൂളിംഗ് ഗ്ലാസിലും കാഴ്ചകള്‍ വ്യക്തമല്ല.
ചോരത്തുളിയേയും മഴത്തുള്ളിയേയും
വേര്‍തിരിക്കാന്‍ പറ്റാത്ത വിധമല്ലേ
കൂളിംഗ് ഗ്ലാസ് അവിടെ പിടിപ്പിച്ചത്.
നശിച്ച മഴയെ പ്രാകുക പോലും ചെയ്യാതെ
മഴപ്പാറ്റകള്‍ പൊതിയുന്നുണ്ട്.
അവ കത്തിത്തീര്‍ന്നതിനെ ഉപേക്ഷിച്ചു മടങ്ങുകയാണ്.
എന്റെ സ്വപ്നങ്ങളുടെ ഏഴാം നില പണിയുകയായിരുന്നു നീ.
നീ അണയുമ്പോഴേക്കും മഴയണഞ്ഞിരുന്നില്ല,
എന്റെ കാഴ്ച നശിച്ചിരുന്നു,സോറി!
-------------------------------------
*വണ്ണാമ്പില-മാറാല

Read more...

മുന്നോട്ട് നീങ്ങുന്നവയില്‍ ഒന്ന്

>> Wednesday, February 10, 2010


മരങ്ങള്‍ പിന്നോട്ടല്ല, മുന്നോട്ടാണ് നീങ്ങുന്നതെന്ന്
മനസ്സിലാക്കിയത് പുറംതിരിഞ്ഞിരിക്കുമ്പോഴായിരുന്നു.
ആപേക്ഷികത നിശ്ചലനാക്കിയപ്പോഴും
ചലനത്തിന്റെ അനന്ത സാധ്യതകള്‍
ചാട്ടവാര്‍ വീശിയടിച്ച് ഓടിക്കുകയായിരുന്നു.
ഓടി മുന്നിലെത്തിയ നിന്നേക്കാള്‍
ഓടിച്ച് മുന്നിലെത്തിയ എന്നെ
സ്വീകാര്യനാക്കിയതും അതായിരുന്നു.

ആ മരത്തൊട്ടില്‍ എന്നെയും പേറി
അന്നാടിയതെങ്ങോട്ടാവാം?
മുന്നോട്ടോ, പിന്നോട്ടോ?
അന്ന് ഞാനെങ്ങനെയാവാം കിടന്നിരിക്കുക?
മുഖം നോക്കിയോ പുറം തിരിഞ്ഞോ?

നമുക്ക്മേല്‍ പെയ്തിരുന്ന പ്രണയമഴയില്‍ കുതിര്‍ന്ന്
ആ ഒഴുക്കില്‍ നിന്റെ ചങ്ങാത്തവും ചങ്ങാടവും
നീങ്ങിയതെങ്ങോട്ടായിരുന്നു?
മുന്നോട്ട് തന്നെയല്ലേ?

ഇനിയാ മരം എന്നെയും പേറി എങ്ങോട്ടാവാം തിരിക്കുക?
തെക്കോട്ടോ,വടക്കോട്ടോ?
മുന്നോട്ടോ,പിന്നോട്ടോ?
മരം മുന്നോട്ടേക്കും മരണം പിന്നോട്ടേക്കുമല്ലേ?

മരം ഒരിക്കലും നിശ്ചലനല്ലെന്നു പറഞ്ഞത്
ഇണചേര്‍ക്കാതെ ഉരുളുന്ന ചക്രങ്ങളല്ല,
പുറം തിരിഞ്ഞിരിക്കുന്ന ഞാനാണ്.

Read more...

സ്വീകരിക്കപ്പെടാത്ത ഉമ്മകള്‍

>> Tuesday, February 2, 2010

ഡിസംബറിന്റെ ഉച്ഛിഷ്ടങ്ങളും പേറി ജനുവരി മഞ്ഞ്
പുതുവത്സരാശംസകള്‍ വെള്ള പൂശിയ ടാറിട്ട റോഡില്‍
മനസ്സുരുക്കുന്നു.
പോയവര്‍ഷത്തോടുള്ള വിടപറച്ചില്‍
എഴുത്തുകള്‍ക്ക് മുകളിലായവ
ഒരിക്കലും സ്വീകരിക്കപ്പെടാത്ത
ഉമ്മകളായ് പെയ്യുന്നു.

ലഹരിയുടെ സ്വകാര്യത ഭഞ്ജിച്ചവ
രസം ചൊരിയുന്നു.
സഭ്യതയുടെ അതിരുകള്‍ പൊട്ടിച്ചവ
തിരസ്കരിക്കപ്പെടുന്നു.

പ്രകാശം പോലും ഉപേക്ഷിച്ചവയ്ക്ക്
ഉമ്മവെയ്ക്കാനെന്തധികാരം?
പഴിയായ്,പിഴയായ് ഉമ്മകളെ കടിച്ചെടുത്ത്
ചവച്ച് ചവര്‍പ്പ് തുപ്പുന്നതിനേക്കാള്‍
അവ സ്വീകരിക്കപ്പെടാത്തതല്ലേ നല്ലത്?
ഗൃഹാത്വരത ലഹരിയെങ്കില്‍ മഞ്ഞിനി പെയ്യാതിരിക്കട്ടെ.
ആശംസാ എഴുത്തുകള്‍ക്കവ ജലദോഷം വരുത്തേണ്ട.
സ്വീകരിക്കപ്പെടാത്ത ഉമ്മകള്‍ കടമായിരിക്കട്ടെ,
ഒരു വേനല്‍ വരെയെങ്കിലും..

Read more...
കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP