സ്വാതന്ത്ര്യം
>> Monday, September 28, 2009
നൂലിട്ട് കെട്ടി,ഭൂമിയില്‍ കുത്തിനിര്‍ത്തിയ-
കൊടിമരത്തിന്റെ മുകളില്‍ ഇത്തിരി സ്വാതന്ത്ര്യത്തിനു വേണ്ടി
നിലവിളിക്കുന്ന പതാകയെ നോക്കി
ആകാശം സ്വപ്നം കാണുന്ന കുഞ്ഞുമനസ്സിന്റെ സ്വപ്നങ്ങളെയും കൊണ്ട്
അനന്തതയുടെ സ്വാതന്ത്ര്യത്തിലേക്ക് പറന്നകലുന്ന
ബന്ധനങ്ങളില്ലാത്ത പട്ടം പരിഹസിച്ചു.
സമയനിഷ്ഠതയുടെ ഉയര്‍ച്ചയും താഴ്ച്ചയുമില്ലാത്ത പട്ടം,
കാഴ്ച്ചകള്‍ക്കപ്പുറത്തെ സ്വപ്നങ്ങളിലേക്ക് ,
കനവുകൊണ്ട് കുഞ്ഞിന്റെ വയറുനിറച്ച്,
അതിന്റെ കാണാച്ചരട് അവന്റെ കയ്യിലേല്‍പ്പിച്ചു പറന്നുപോയി.
നക്ഷത്രങ്ങളെ കാണാന്‍ സ്വാതന്ത്ര്യമില്ലാതെ,
പുത്തന്‍ പ്രഭാതം കാണാന്‍ സ്വാതന്ത്ര്യമില്ലാതെ,
ഒരു അസ്തമയത്തിനു സാക്ഷിയായി,
ആ പതാക പെട്ടിക്കുള്ളിലേക്കു താഴ്ത്തപ്പെട്ടു,
ഇനി ഒരു സ്വാതന്ത്ര്യദിനം വരെ.
കനവുകള്‍ കണ്ട കുട്ടി ബന്ധനസ്ഥയായ
പതാകയെ കണ്ടു സഹതപിച്ചു.
സ്വപ്നങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഉണര്‍ന്നു
ഒടുവിലവന്‍ ചരട് പൊട്ടിച്ചു പതാകയ്ക്കു സ്വാതന്ത്ര്യം നല്‍കി.
മണ്ണിന്റെയും വയലിന്റെയും ജീവന്റെയും ജീവിതത്തിന്റെയും
അനന്തതയിലേക്ക്,താഴേക്ക് ആ പതാക പറന്നു വന്നു.
വര്‍ണങ്ങള്‍ തമ്മില്‍ തല്ലുന്നത് കാണാനായിരുന്നു
പിന്നീടതിന്റെ ‘വിധി‘.
ആ വിധിയെ അട്ടിമറിക്കേണ്ടവര്‍ ഇവിടെ
ആയിരം ചരടുകളുമായി പട്ടം പറത്തിക്കളിക്കുന്നു.
------------------------------------------------------------------------------
------------------------------------------------------------------------------
(ബ്ലോത്രം ഓണപ്പതിപ്പില്‍ വന്നകവിത)
3 comments:
ബ്ലോത്രം ഓണപ്പതിപ്പില്‍ വന്ന കവിത ഇവിടെ വീണ്ടും പോസ്റ്റുന്നു.
സ്വതന്ത്രിയമെന്നത് അനല്പ്പ മോഹമാല്ലായിരുന്നു
അഭിപ്രായം പറഞ്ഞ പാവപ്പെട്ടവനു നന്ദി
Post a Comment