
താഴെ നിന്ന് വിരല്‍ത്തുമ്പ് നീട്ടി ഞാനിവിടെയുണ്ടെന്ന
നിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഈ കുന്നിനെ മരുഭൂമിയാക്കുന്നില്ല.
കടല്‍ അതിരിട്ട ആകാശവട്ടത്തില്‍ നിന്ന്
എന്‍ മിഴി മാറ്റാതെ താഴെ നീ കാവലിരിക്കുന്നു.
സ്വപ്നങ്ങള്‍ക്ക് ആകാശവര്‍ണമായത്കൊണ്ടാ
ഇവിടെ മരുഭൂമികള്‍ സൃഷ്ടിക്കപ്പെടാത്തതെന്ന്
നീ പറഞ്ഞു.
കണ്ണിലൊതുങ്ങാത്ത സ്വപ്നങ്ങളും കൊണ്ട്
അഗാധതയിലേക്ക് വീഴാത്തത് ഈ കുന്ന്
നിന്‍ വിരല്‍ത്തുമ്പിലെന്ന വിശ്വാസത്താലെന്ന്
ഞാന്‍ പറഞ്ഞു.
അതിരിട്ട് തിരിച്ച കശുമാവുകള്‍ കുലുക്കി,
വേര്‍തിരിക്കുന്നതിന്റെ വേദനയോടെ
കശുമാങ്ങ പറിച്ചെടുത്ത് ഊമ്പിക്കുടിച്ച്
കശുവണ്ടി ഷര്‍ട്ടിന്റെ കീശയിലിട്ട്,
കളയാത്ത താടിരോമങ്ങള്‍ പോലെ
ഉണങ്ങിയ പുല്‍പ്പരപ്പിലൂടെ,
പുലയന്റെയും നായരുടെയും തീയ്യന്റെയും
ശ്മശാനപ്പറമ്പിലൂടെ,
ഉയരത്തിന്റെ ദാഹത്താല്‍ താഴ്ചയുടെ ആര്‍ദ്രതയിലേക്ക്
കുടലാഴ്ത്തുന്ന പൊട്ടക്കിണറ്റിന്റെ അരികിലൂടെ,
ആരോ എന്നൊ മറന്നുവെച്ച വീടിന്റെ അകത്തളത്തിലൂടെ,
ഉറുമ്പിന്‍പുറ്റില്‍ മാളങ്ങള്‍ തിരയുന്ന മൂര്‍ഖനെപ്പോലെ,
ഗുളികന്‍ ഉറഞ്ഞാടുന്ന അറക്കരികിലൂടെ,
കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ,
നിന്റെ സ്വപ്നങ്ങളുടെ ചൂളി പറത്തി കടലകൊറിച്ച്,
ചുറ്റിയ വഴിയിലൂടെ തന്നെ വീണ്ടും വീണ്ടും അലയുമ്പോള്‍,
ചൂണ്ടുവിരല്‍ മുകളിലേക്കുയര്‍ത്തിപ്പിടിച്ച്
കാവല്‍ നില്‍ക്കുന്ന നിന്റെ സഹനമാണ് ഇന്നെന്റെ വാക്കുകള്‍.
ഇനിയെന്‍ സാമ്രാജ്യം വിഴുങ്ങാന്‍ വരുന്ന
യന്ത്രഭീമന്റെ വായിലേക്ക് നോക്കി
നിസ്സഹായയായ് നില്‍ക്കുന്ന നിന്നെയാണെനിക്ക് പേടിയും.
വാല്‍ ചുരുട്ടി അടിക്കട്ടെ,
നഖത്താല്‍ മാന്തിപ്പറിക്കട്ടെ,
അടിയോടെ പിഴുതെടുത്തോട്ടെ,
മരുഭൂവില്‍ പുതു സാമ്രാജ്യം കെട്ടിപ്പടുക്കട്ടെ,
മുകളിലേക്കുയര്‍ത്തിയെന്‍ മാര്‍ഗ്ഗം തെളിക്കുന്ന
നിന്‍ വിരര്‍ത്തുമ്പിലാണെന്റെ വാക്കുകള്‍..
ഓര്‍ക്കുക നീ:
നിനക്കെന്നെയോ നിന്നെയോ പേടിയില്ലാത്ത നാള്‍ വരെ
നീ വിരല്‍ ചൂണ്ടുന്ന എന്‍ സാമ്രാജ്യം എനിക്കന്യമല്ല.
Read more...