വഴി
>> Saturday, November 28, 2009
എന്നില്‍ നിന്ന് നിന്നിലേക്കൊരു ഇടവഴിയുണ്ടായിരുന്നു.
അമ്മയില്‍ നിന്ന് ഇന്നിലേക്കുള്ള-
ഒറ്റത്തടിപ്പാലം തുടര്‍ന്നെത്തുന്ന ഇടവഴി.
കല്ലുറപ്പിച്ച് മിനുസപ്പെടുത്താത്ത ഇടവഴി.
നിന്നിലേക്കുള്ള വഴിയില്‍ രണ്ട് കട്ടുറുമ്പുകളുണ്ടായിരുന്നു.
പ്രണയപ്പുറ്റില്‍ നിന്ന് വ്യത്യസ്തരായ് നടക്കുന്ന കട്ടുറുമ്പുകള്‍.
നീറ്റല്‍ തന്നെങ്കിലും പിന്തുടരാന്‍ പഠിപ്പിച്ച കട്ടുറുമ്പുകള്‍.
നിന്നിലേക്കുള്ള വഴിയില്‍ ഒരു പനിനീര്‍ ചെടിയുണ്ടായിരുന്നു.
ചുവപ്പും മഞ്ഞയും പൂക്കളുള്ള പനിനീര്‍ച്ചെടി.
മുള്ള് പോലുള്ള ആസക്തി നേര്‍ക്ക് മുള്ള് നീട്ടുന്ന പനിനീര്‍ച്ചെടി.
വഴിയോരത്ത്,സൂര്യനെ മറയ്ക്കുന്ന കാഞ്ഞിരമരം,
മഴത്തുള്ളിയെ മണ്ണിന് തരാതെ കളിപ്പിക്കുന്ന വയസന്‍ ഇലകള്‍,
പടര്‍ന്ന് പിടിച്ച് ചോരനോക്കി കൊതിയൂറുന്ന ഇത്തിള്‍ക്കണ്ണികള്‍.
കാമനെ കുടിയിരുത്തുന്ന* പ്ലാവില്‍ ഒരു കാക്കക്കൂടുണ്ടായിരുന്നു.
ജാതിയും മഹിമയും വേര്‍തിരിക്കാത്ത,
നിന്നെയും എന്നെയും വേര്‍തിരിക്കാത്ത കാക്കക്കൂട്.
ഓരത്ത് നിന്ന് മഞ്ഞ അക്വേഷ്യാപ്പൂക്കള്‍ ശ്വാസം മുട്ടിക്കുകയായിരുന്നു.
ചുവന്ന പൂമരം വഴികളെ ചുവപ്പിക്കുകയായിരുന്നു.
ചാത്തനെ കുടിയിരുത്തിയ പ്രണയത്തിന്റെ വയസ്സുള്ള,
ആല്‍ത്തറയെ തിന്നുന്ന ആല്‍മരം പേടിപ്പിക്കുകയായിരുന്നു.
നിന്നിലേക്കടുക്കുന്ന നേരവും നിന്നെ പുണരുന്ന നേരവും
നിന്നിലേക്കുള്ള വഴി നിനക്കെന്നിലേക്കുള്ളതുമാണെന്ന് ഓര്‍ത്തില്ല ഞാന്‍.
പാതിവഴിയായിരുന്നില്ലേ നമ്മെ കൂട്ടിമുട്ടിച്ചത്
ഇനി നിന്‍ കൈപിടിച്ച് നിന്നിലേക്കും എന്നിലേക്കുമുള്ള
വഴിയിലൂടെ നമുക്കൊരുമിച്ച് നടക്കാം.
ഈ തൃസന്ധ്യയില്‍ ആകാശം പോലെ
ചുവന്ന നാളെയെ സ്വപ്നം കണ്ട് കൊണ്ട്
അന്നീ പൂമരം മൊട്ടയായിരിക്കും.
ചുവന്ന പൂക്കള്‍ ചില്ലയെ വെടിഞ്ഞ്
നമ്മുടെ വഴികളെ ചുവപ്പിക്കും.
കാഞ്ഞിരമരം സൂര്യനെ വിട്ടുതരും.
നിറഞ്ഞ് പെയ്യുന്ന മഴയില്‍
വയസ്സന്‍ ഇലകള്‍ കൊഴിഞ്ഞ് വീഴും.
കട്ടുറുമ്പുകള്‍ക്കവ തോണിയാകും.
കാക്കക്കൂട്ടില്‍ കുഞ്ഞുങ്ങള്‍ക്ക് ചിറക് മുളക്കും.
ആല്‍ത്തറകള്‍ സ്മാരകങ്ങളാകും.
ഇടവഴികള്‍ പെരുവഴികളാകും.
---------------------------------------------------------------------------------------
*ഉത്തരകേരളത്തില്‍ കാമദേവന്‍ സങ്കല്പം പൂരവുമായി ബന്ധപ്പെട്ടിരിക്കുന്നു.പൂരം നാള്‍,ഉണ്ടാക്കി വെച്ച കാമന്റെ രൂപം കുടിയിരുത്തുന്നത് പ്ലാവിന്റെ ചുവട്ടിലാണ്.
19 comments:
നല്ല ഒരു കവിത അഭി . ഇഷ്ടപ്പെട്ടൂ
സമര്‍പ്പണം:അവള്‍ക്ക്
:)
എഴുതിത്തെളിയുന്ന ഏറെ പ്രതിഭയുള്ള കുട്ടിയാണ് അജിത് വറ്റാതെ കാക്കണം ഈ കവിതയുടെ ഉറവ്. ഫോണ്ടിന്‍റെ പ്രോബ്ളം തീര്‍ന്നു ട്ടൊ ഇപ്പൊ വായിക്കാം; ബുദ്ധിമുട്ടില്ല.... ഇന്നു മുതല്‍ ഞാന്‍ അഭിയെ വായിച്ചു തുടങ്ങുകയാണ്....
സസ്നേഹം
ഒരേട്ടന്‍
ഇഷ്ടമായി അഭി..
വളരെ നന്നായിരിക്കുന്നു അഭിജിത്ത്,അഭിവാദ്യങ്ങൾ
അതിമനോഹരം തന്നെ അഭി... മനം നിറഞ്ഞ അഭിനന്ദനങ്ങള്‍....! ഇനിയും എഴുതണം....!
കൊള്ളാം അഭി വളരെ നന്നായിട്ടുണ്ട്
അഭി, വളരെ മനോഹരമായ ആശയങ്ങള്‍ നിറഞ്ഞ കവിത. കുട്ടിക്കാലത്ത് കണ്ടിരുന്ന, എങ്ങോ വെച്ച് മറന്ന കാമദേവനും പൂരവും ഓര്‍ത്തുപോയി.
പറയാതെ വയ്യ അഭി, പുതിയ കവിത വളരെ
മനോഹരമായിരിക്കുന്നു. മിതമായ
വാക്കുകളാല്‍ ആശയത്തിന്റെ ഗാംഭീര്യം
ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിച്ചിട്ടുണ്ട്.
ഈ ആവേശം ഇനിയുള്ള കവിതകളിലും
പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
താബു.
ചുവന്ന പൂക്കള്‍ ചില്ലയെ വെടിഞ്ഞ്
നമ്മുടെ വഴികളെ ചുവപ്പിക്കും.
!!!!
"അന്നീ പൂമരം മൊട്ടയായിരിക്കും.ചുവന്ന പൂക്കള്‍ ചില്ലയെ വെടിഞ്ഞ്നമ്മുടെ വഴികളെ ചുവപ്പിക്കും."
മരങ്ങള്‍ പോലും കാണിച്ചു തരുന്നു സ്വന്തം എന്ന് കരുതുന്നവ വെടിഞ്ഞ് മറ്റുള്ളവര്‍ക്ക് പാതയില്‍ പൂ വിരിക്കാന്‍. നന്നായിരിക്കുന്നു.
മുള്ള് പോലുള്ള ആസക്തി നേര്‍ക്ക് മുള്ള് നീട്ടുന്ന പനിനീര്‍ച്ചെടി
നല്ല പ്രയോഗം
"എന്നില്‍ നിന്ന് നിന്നിലേക്കൊരു ഇടവഴിയുണ്ടായിരുന്നു"
ഞാനും നടന്നു ഈ വരികളുടെ ഇടവഴിയിലൂടെ. അതിമനോഹരം!!.
അന്നീ പൂമരം മൊട്ടയായിരിക്കും.
ചുവന്ന പൂക്കള്‍ ചില്ലയെ വെടിഞ്ഞ്
നമ്മുടെ വഴികളെ ചുവപ്പിക്കും.
മനോഹരമായിരിക്കുന്നു ഓരോ വരികളും ..
ആശംസകള്‍ ...ആശംസകള്‍...
മനോഹരം അഭിജിത്ത്...ഇനിയും നല്ല വരികള്‍ പിറക്കട്ടെ...
kavitha nannayirikkunnu
കാപ്പു ആശാന്‍,
സന്തോഷേട്ടന്‍,
രാമേട്ടന്‍,
ബോധിസത്വന്‍,
കൃഷ്ണേട്ടന്‍,
ഉമേഷേട്ടന്‍,
മിനിച്ചേച്ചി,
തബാറക് റഹ്മാന്‍,
പകല്‍ക്കിനാവന്‍,
സുകന്യ,
നന്ദ,
ലക്ഷ്മി,
ഗോപി വെട്ടിക്കാട്ട്,
തേജസ്വിനി,
അഷിതേച്ചി
ഈ ‘വഴി’യേ വന്നതിന് നന്ദി..
വീണ്ടും വരണേ..
നന്നായി
Post a Comment