..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

നാളെ

>> Tuesday, December 1, 2009

എന്റെ തലയണ അര്‍ദ്ധരാത്രി ഞെട്ടിയുണര്‍ത്തി
എന്നും എന്നോട് ചോദിക്കും:
“നീ ഉറങ്ങുന്നത് ഇന്നലെയിലാണോ,
ഇന്നിലാണോ,നാളെയിലാണോ?“
ഒരു പുഴ അതിന്റെ തീരത്തിന്റെ വിശപ്പും
ദാഹവുമകറ്റി കുത്തിയൊഴുകുന്ന നാളേക്ക് നേരെ
അലാറം ഒരുക്കിവെച്ച ടൈംപീസില്‍ സമയം നോക്കും.
ഒരു മണിമുഴക്കത്തിന്റെ പ്രതീക്ഷയുമായി അത്,
നിന്റെ നാളെയിലേക്ക് അടുക്കുകയാണ് എന്ന് പറയും.
തലയണ പറയും:
“നീ നാളെയോടുള്ള സ്നേഹം തലയില്‍ തേച്ച്
തലവെച്ചുറങ്ങി എണ്ണപ്പാട് എന്നില്‍ പതിപ്പിക്കുകയാണ്.
നീ എന്നിലിന്നണയുന്നത് നാളേയ്ക്ക് വേണ്ടിയാണ്.“
എല്ലാ നാളേകളിലും എണ്ണപ്പാട് നിന്നെ
ഓര്‍മ്മപ്പെടുത്തും,ഇതല്ല നിന്റെ നാളെയെന്ന്.
ഏയ് തലയണേ,നീ എന്തിനിങ്ങനെ മോഹിപ്പിക്കുന്നു,
കിട്ടിയത് കൊണ്ട് തൃപ്തിപ്പെടാന്‍ അനുവദിക്കാതെ?
തലയണ പറയും:
“നീ എന്നില്‍ നിന്റെ പ്രണയിനിയെ കുടിയിരുത്തി,
എല്ലാ ദിനങ്ങളിലും നീ എന്നെപ്പുണര്‍ന്നു,
എന്നിട്ടും നീ എന്തേ അവളെ കൊതിക്കുന്നു.“
രാത്രിയുടെ കൂരിരുട്ടില്‍ ഇന്നിന്റെ പുതപ്പെന്നെ മൂടുമ്പോള്‍
ഒറ്റയ്ക്കാക്കാതെ ചെവിയോട് ചേര്‍ത്ത് തലയണ പറയും:
“നാളെകള്‍ നിന്നെ ഉണര്‍ത്തുമോ എന്നറിയില്ല.
പ്രതീക്ഷകളില്ലാത്ത നാളെകളില്‍ വിശ്വസിക്കരുത്,
അവന്‍ നിന്നെ ഉണര്‍ത്തില്ല.“

ഈ സ്വപ്നങ്ങളെയെല്ലാം തലയില്‍ -
കയറ്റിയവന്‍ തലയണ.
എണ്ണപ്പാട് നിരന്തരം കാണിച്ചെന്നെ ഓര്‍മ്മപ്പെടുത്തുന്നവന്‍.
ഒരു നാള്‍ എന്റെ നാളെയെ ഞാന്‍ കണ്ടില്ലെന്നുവരാം.
ഇനിയെന്‍ പിന്‍തലമുറ ഉറപൊട്ടിച്ച്,
നാളെയിലേക്കുള്ള കാറ്റിനെ വിച്ഛേദിക്കുന്ന ഫാനിനിടയിലൂടെ,
സുഖശീതളങ്ങളുടെ മണിമാളികയിലൂടെ,
പറന്നുനടക്കാന്‍ അതിന് പാരതന്ത്ര്യമൊരുക്കും!

13 comments:

അഭിജിത്ത് മടിക്കുന്ന് December 1, 2009 at 11:21 PM  

ഇനി തലയണ നിങ്ങളോടും ചോദിക്കട്ടെ.
വിപ്ലവാഭിവാദ്യങ്ങളോടെ..

Sukanya December 2, 2009 at 11:43 AM  

"നീ എന്നിലിന്നണയുന്നത് നാളേയ്ക്ക് വേണ്ടിയാണ്.
ഒരു നാള്‍ എന്റെ നാളെയെ ഞാന്‍ കണ്ടില്ലെന്നുവരാം."

ഒരുപാട് ഇഷ്ടമായി ഈ കവിത. എണ്ണപ്പാട് മാഞ്ഞാലും മഷിപ്പാട് മായാതെ കിടക്കും.
അഭിനന്ദനങ്ങള്‍.

കാപ്പിലാന്‍ December 2, 2009 at 5:51 PM  

:)

തേജസ്വിനി December 4, 2009 at 6:14 PM  

നന്നായി ട്ടോ...വ്യത്യസ്തചിന്തകള്‍!

താരകൻ December 4, 2009 at 8:15 PM  

ഇനിയെന്‍ പിന്‍തലമുറ ഉറപൊട്ടിച്ച്,
നാളെയിലേക്കുള്ള കാറ്റിനെ വിച്ഛേദിക്കുന്ന ഫാനിനിടയിലൂടെ,
സുഖശീതളങ്ങളുടെ മണിമാളികയിലൂടെ,
പറന്നുനടക്കാന്‍ അതിന് പാരതന്ത്ര്യമൊരുക്കും! കൊള്ളാം..

mini//മിനി December 4, 2009 at 11:23 PM  

‘ഇത്രയും നാള്‍ തലവെച്ച് ഉറങ്ങിയിട്ടും എന്റെ തലയിണയെ ഓര്‍ത്തതില്ല ഞാന്‍’

govindaraj v December 5, 2009 at 10:23 PM  

പ്രതീക്ഷകളില്ലാത്ത നാളെകളില്‍ വിശ്വസിക്കരുത്,


nannayittundu viplavabhivadyangal

കണ്ണുകള്‍ December 6, 2009 at 1:36 AM  

തലയണ ചോദിക്കാന്‍ തുടങ്ങി, അഭിജിത്ത്

KRISHNAKUMAR R December 7, 2009 at 4:48 AM  

നന്നായിട്ടുണ്ട് കവിത..വളരെ ഇഷ്ടപ്പെട്ടു...പ്രണയവും കാമുകിയും സ്ത്രീയും രതിയുംമാത്രം ആകരുത് വിഷയങ്ങള്‍..ഇവയെല്ലാം ആത്മനൊമ്പരങ്ങലോ വികാരങ്ങളോ മാത്രം ആകാം. മറ്റു പൊതുവായ വിഷയങ്ങളിലും ശ്രദ്ധിച്ചു കൂടെ? കവിത മോശം ആയതുകൊണ്ടല്ല ഇത് പറയുന്നത്..തുടര്‍ന്നും എഴുതുക!

അഭിജിത്ത് മടിക്കുന്ന് December 7, 2009 at 6:21 PM  

പ്രിയ കൃഷ്ണേട്ടാ,
ഇതിലെ വിഷയം പ്രണയമോ സ്ത്രീയോ രതിയോ അല്ല.
എന്റെ കവിതകളെ കുറിച്ചുള്ള ആ കാഴ്ച്ചപ്പാട് വിട്ടിട്ട് ആ വരികള്‍ ഒന്നു കൂടെ വായിച്ചുനോക്കൂ.
താങ്കളും ഞാനുമൊക്കെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒട്ടേറെ ആദര്‍ശങ്ങളും വിപ്ലവബോധവും നഷ്ടപ്പെടുന്ന ഒരു നാളെ എന്ന ദുസ്വപ്നമാ എന്നെകൊണ്ടത് എഴുതിച്ചത്.
ഗുരുതുല്യനായി കരുതുന്ന താങ്കള്‍ എന്റെ എഴുത്തുകളെ തെറ്റിദ്ധരിക്കരുത് എന്നാ ആഗ്രഹം.
പ്രണയവും സ്ത്രീയും എല്ലാം എന്റെ വരികളുടെ ഭാഷ മാത്രമായിരുന്നു.
നന്ദി..

ഷഹീര്‍.കെ.കെ.യു December 9, 2009 at 11:44 PM  

ഏറെ നാളുകള്‍ക്കു ശേഷം ഇന്നാണ് ഞാനീ ബ്ലോഗ്‌ മുഴുവനിരുന്നു വായിച്ചത്. മനോഹരം.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
വായിച്ചതില്‍ ഏറ്റവും ഇഷ്ട്ടപെട്ടത്‌ ഈ കവിത തന്നെ.

ആഭ മുരളീധരന്‍ December 11, 2009 at 1:03 PM  

അഭി, നല്ല കവിത. ഒരുപാട് ഇഷ്ടായി. ബ്ളോഗില്‍ പുതിയതാ, ബാക്കി കൂടെ വായിക്കട്ടെ

അഭിജിത്ത് മടിക്കുന്ന് December 23, 2009 at 10:48 AM  

സുകന്യ,
കാപ്പു ആശാന്‍,
തേജസ്വിനി,
തരകന്‍,
മിനി,
ഗോവിന്ദരാജ്,
കണ്ണുകള്‍,
ഷഹീര്‍,
ആഭ

വന്നിട്ട് വായിച്ചതിനും കമന്റിട്ടതിനും നന്ദി.
‘നാളെ’ വായിച്ച എല്ലാര്‍ക്കും നന്ദി.

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP