..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

ദാഹം

>> Friday, December 4, 2009





ഒരിക്കലും നിറയാത്ത കുടം തന്നു ദാഹമളക്കുന്നു.
ഒരിക്കലും തീരാത്ത കയര്‍ തന്ന് മനസ്സളക്കുന്നു.

തറകെട്ടി വെച്ച വീടിന്റെ ദാഹവും
വാടിയ തുളസിത്തൈയുടെ മോഹവും
പേറി,മറയില്ലാത്ത കിണറ്റില്‍ തള്ളിയിടുന്നു.
ദാഹിക്കുന്ന ചങ്കില്‍ കുരുക്ക് വീഴുന്ന
തൊട്ട് തുടങ്ങുന്നു അസ്വസ്ഥത.
എത്ര എണ്ണ വീണിട്ടും ദാഹമടങ്ങാത്ത കപ്പി
കലപില കൂട്ടി വീണ്ടും അസ്വസ്ഥമാക്കുന്നു.
ഭാരമില്ലാത്തവനായി താഴോട്ട് വീഴുമ്പോള്‍
കയറിന്റെ അറ്റത്തില്‍ നിന്ന് കൈ വഴുതും.

പടവുകള്‍ പിന്നിലാക്കി പിടി വിട്ട
കയര്‍ ഇന്നെന്റെ ദാഹവുമായി നീങ്ങുമ്പോള്‍,
തന്നും തിരിച്ചെടുത്തും കളിപ്പിക്കുന്ന
വായുവിന് ഞാനെന്‍ സ്വരം പണയപ്പെടുത്തുന്നു.
അമ്പിളിമാമനുമപ്പുറത്തെ അജ്ഞതയിലേക്ക്
ഉത്തരം തരാതെ കളിപ്പിക്കുന്ന ഇരുട്ടിന്റെ ആത്മാവിലേക്ക്.
കടല്‍പ്പുറത്ത് അനന്തതയുടെ തീരത്തേക്ക്
നോക്കി സ്വപ്നം കാണും പോലെ,
ഒരു കുടത്തില്‍ ഒരു കടല്‍ നിറയുന്നു.
ഉത്തരത്തിന്റെ ആര്‍ദ്രതയില്‍ എത്തുമ്പോള്‍
നിറവിന്റെ ശബ്ദം അതിരുകള്‍ പൊട്ടിക്കുന്നു.
നിറകുടവുമായി പടവുകള്‍ കയറുമ്പോള്‍
ചങ്ങലപൊട്ടിച്ചെറിയുന്ന ഭ്രാന്തന്റെ ശബ്ദമാണ് കപ്പിക്ക്.
ആഴത്തിന്റെ തണുപ്പ് വിരലുകള്‍ ഏറ്റുവാങ്ങുമ്പോള്‍
പറയുന്നു ഞാന്‍,
ഈ കുടമാണെന്റെ കടം.
ഈ കുടമാണെന്റെ ദാഹം.

9 comments:

അഭിജിത്ത് മടിക്കുന്ന് December 4, 2009 at 8:10 PM  

ഇന്നത്തെ കടം.
:)

കുഞ്ചിയമ്മ December 5, 2009 at 4:48 PM  

'അമ്പിളിമാമനുമപ്പുറത്തെ അജ്ഞതയിലേക്ക്
ഉത്തരം തരാതെ കളിപ്പിക്കുന്ന ഇരുട്ടിന്റെ ആത്മാവിലേക്ക്.
കടല്‍പ്പുറത്ത് അനന്തതയുടെ തീരത്തേക്ക്
നോക്കി സ്വപ്നം കാണും പോലെ,
ഒരു കുടത്തില്‍ ഒരു കടല്‍ നിറയുന്നു.'
നല്ല വരികള്‍.

എവിടൊക്കെയോ ഒരു പരത്തിപ്പറയലിന്റെ അരുചി. എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം.
ആശംസകളോടെ
കുഞ്ചിയമ്മ

Unknown December 5, 2009 at 5:56 PM  

ദാഹം കൊള്ളാം..നല്ല വായന

രാജേഷ്‌ ചിത്തിര December 5, 2009 at 11:04 PM  

ഒരു കുടം കടം, കടമായി ഇരിക്കട്ടെ ...
പരത്തി പറയല്‍ അനുഭവിക്കുണ്ട് ഇടക്ക് .

Sukanya December 7, 2009 at 1:45 PM  

തറകെട്ടി വെച്ച വീടിന്റെ ദാഹവുംവാടിയ തുളസിത്തൈയുടെ മോഹവും
നല്ല ഭാവന!

Irshad December 9, 2009 at 2:56 PM  

:)

Umesh Pilicode December 9, 2009 at 9:48 PM  

kollam abhee
nannayittundu

anaamika-swapnangalude kavalkaree December 13, 2009 at 10:21 PM  

theeratha dahangal peri neelunna yathra .gud abhi.gud wishes

അഭിജിത്ത് മടിക്കുന്ന് January 5, 2010 at 8:35 PM  

കുഞ്ചിയമ്മ,
മഷിത്തണ്ട്,
അഭിപ്രായത്തെ മാനിക്കുന്നു.നന്ദി,നല്ലൊരു വായനയ്ക്ക്.
റ്റോംസ് കോനുമഠം,
സുകന്യ,
പഥികന്‍,
ഉമേഷ് പിലിക്കോട്,
അനാമിക,
ഒപ്പം വായിച്ച എല്ലാര്‍ക്കും നന്ദി

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP