मेरा भारत महान!
My India is Great!
india.gov.in
കുറ്റിപ്പെന്‍സില്‍: December 2009
..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

ജീവിതം

>> Friday, December 25, 2009



ഒരുറുമ്പ് കാലില്‍ നിന്ന് കയറാന്‍ തുടങ്ങി.
ഇന്നലേം ഡോക്ടര്‍ പഞ്ചസാര കഴിക്കരുതെന്ന്-
പറഞ്ഞിട്ടും പഞ്ചാരമാങ്ങ എറിഞ്ഞിട്ട് തിന്നത്കൊണ്ടാകും.

പൂത്തുനില്‍ക്കുന്ന മാവില്‍നിന്ന്
കല്ല് കൊണ്ട് ഞെട്ടറ്റുവീഴുന്ന മാങ്ങകള്‍ക്കൊപ്പം
ചോണനുറുമ്പുണ്ടായിരുന്നു.
അവ മാവിലേക്ക് തിരിച്ചുകയറുന്ന ഒരു കയറ്റമുണ്ട്.
തലപ്പത്തെ ലഹരി തേടി തെങ്ങേറുന്നവനെപ്പോലെ.

വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് ഞാനൊരു മരമായി.
ഞാനിന്ന് തണലാവുന്നില്ല,
എനിക്കുമേല്‍ തണല്‍ വീഴുന്നുമില്ല.

ജനനം ഒരു ജീവിതത്തില്‍നിന്ന് ഞെട്ടറ്റുവീഴുന്ന
ഉറുമ്പിന്‍ കൂടെങ്കില്‍ മരണം ഒരു തിരിച്ചു കയറ്റം.
മണ്ണിന്റെ തുടക്കത്തില്‍നിന്ന് ചുക്കിച്ചുളിഞ്ഞ കാലില്‍
ഞരമ്പുകള്‍,വേരുകള്‍ പോല്‍ വിടര്‍ന്ന് നില്‍ക്കവേ
ഉറുമ്പിന്റെ കയറ്റം, പിന്തുടര്‍ച്ച പോല്‍.

എന്നോ മറഞ്ഞ ശുക്ലപ്പാടില്‍ത്തിരഞ്ഞ്
ഞെട്ടും അരക്കെട്ടും കടന്ന് ഒരു കയറ്റം,
മദ്ധ്യത്തില്‍ മറക്കുംവിധം ജനനം.

ചില്ലകളും കൈവിരലുകളുമരിച്ച്
അത് ഇന്നലെകളുടെ മധുരം തിരയും.
തേടിയ മധുരം ലഹരിയെന്നറിയുമ്പോള്‍
വെറുതേ എങ്കിലും വീണ്ടും ഒരു കല്ലേറിന് കാത്തിരിക്കും.

മരണത്തിലുമവന്‍ തിരയുന്നത്
മധുരമെന്ന ലഹരിയാണ്.

നാവടക്കുന്നവര്‍

>> Monday, December 21, 2009

രണ്ട് ചുണ്ടുകളെയും മുറിച്ച് നാവ്
പുറത്തേക്ക് വരാതെ നോക്കും.
മിക്സിബ്ലേഡിന്റെ എരിവ് നാവില്‍തേച്ച് പിടിപ്പിക്കും.
അമ്മിക്കല്ലിന്റെ അരവില്‍ കഥകള്‍ നിറയും.
ഉമിനീര് തെറിപ്പിക്കും.
ഒച്ചയാക്കാതിരിക്കും.

ആദ്യമായ് ഇങ്ക്വിലാബ് വിളിച്ചപ്പോള്‍
നിരാഹാരമിരിക്കേണ്ടിവന്നു.
നാവല്ല വയറ് നിറയ്ക്കുന്നതെന്ന് പറഞ്ഞു.
രുചിയെ പട്ടിണിക്കിട്ടു.

പ്രാര്‍ത്ഥനാനേരത്തിന്റെ ശാന്തത മുറിച്ചവന്‍
പുറത്ത് വന്നപ്പോള്‍
അമ്മിക്കല്ലില്‍ കുരുമുളകരച്ച്
കണ്ണില്‍തേച്ച് ഒച്ചയാക്കാതെ
കരയാന്‍ പറഞ്ഞു.

ഭ്രാന്തന്‍ നായയുടെ വാല് പോലെ
നാവെന്നും നിവര്‍ന്നിരിക്കില്ല.
സ്കൂള്‍ ബസിന്റെ കറുത്ത കണ്ണാടിച്ചില്ലിലൂടെ
സൂര്യനെകാണിച്ച് നാവില്‍ വെള്ളമൂറിപ്പിക്കും.
ഈ എരിവാണ് രുചിയെന്ന് കള്ളം പറയും.
കുഴല്‍ വെച്ച് വയറ്റിലേക്ക് എളുപ്പവഴിയുണ്ടാക്കും.
ചോറുരുട്ടി അണ്ണാക്കിലേക്ക് തള്ളിവിടും.
നാവ് വളയ്ക്കാതെ അന്നമെന്ന് പറയിക്കും.

ദാഹം

>> Friday, December 4, 2009





ഒരിക്കലും നിറയാത്ത കുടം തന്നു ദാഹമളക്കുന്നു.
ഒരിക്കലും തീരാത്ത കയര്‍ തന്ന് മനസ്സളക്കുന്നു.

തറകെട്ടി വെച്ച വീടിന്റെ ദാഹവും
വാടിയ തുളസിത്തൈയുടെ മോഹവും
പേറി,മറയില്ലാത്ത കിണറ്റില്‍ തള്ളിയിടുന്നു.
ദാഹിക്കുന്ന ചങ്കില്‍ കുരുക്ക് വീഴുന്ന
തൊട്ട് തുടങ്ങുന്നു അസ്വസ്ഥത.
എത്ര എണ്ണ വീണിട്ടും ദാഹമടങ്ങാത്ത കപ്പി
കലപില കൂട്ടി വീണ്ടും അസ്വസ്ഥമാക്കുന്നു.
ഭാരമില്ലാത്തവനായി താഴോട്ട് വീഴുമ്പോള്‍
കയറിന്റെ അറ്റത്തില്‍ നിന്ന് കൈ വഴുതും.

പടവുകള്‍ പിന്നിലാക്കി പിടി വിട്ട
കയര്‍ ഇന്നെന്റെ ദാഹവുമായി നീങ്ങുമ്പോള്‍,
തന്നും തിരിച്ചെടുത്തും കളിപ്പിക്കുന്ന
വായുവിന് ഞാനെന്‍ സ്വരം പണയപ്പെടുത്തുന്നു.
അമ്പിളിമാമനുമപ്പുറത്തെ അജ്ഞതയിലേക്ക്
ഉത്തരം തരാതെ കളിപ്പിക്കുന്ന ഇരുട്ടിന്റെ ആത്മാവിലേക്ക്.
കടല്‍പ്പുറത്ത് അനന്തതയുടെ തീരത്തേക്ക്
നോക്കി സ്വപ്നം കാണും പോലെ,
ഒരു കുടത്തില്‍ ഒരു കടല്‍ നിറയുന്നു.
ഉത്തരത്തിന്റെ ആര്‍ദ്രതയില്‍ എത്തുമ്പോള്‍
നിറവിന്റെ ശബ്ദം അതിരുകള്‍ പൊട്ടിക്കുന്നു.
നിറകുടവുമായി പടവുകള്‍ കയറുമ്പോള്‍
ചങ്ങലപൊട്ടിച്ചെറിയുന്ന ഭ്രാന്തന്റെ ശബ്ദമാണ് കപ്പിക്ക്.
ആഴത്തിന്റെ തണുപ്പ് വിരലുകള്‍ ഏറ്റുവാങ്ങുമ്പോള്‍
പറയുന്നു ഞാന്‍,
ഈ കുടമാണെന്റെ കടം.
ഈ കുടമാണെന്റെ ദാഹം.

നാളെ

>> Tuesday, December 1, 2009

എന്റെ തലയണ അര്‍ദ്ധരാത്രി ഞെട്ടിയുണര്‍ത്തി
എന്നും എന്നോട് ചോദിക്കും:
“നീ ഉറങ്ങുന്നത് ഇന്നലെയിലാണോ,
ഇന്നിലാണോ,നാളെയിലാണോ?“
ഒരു പുഴ അതിന്റെ തീരത്തിന്റെ വിശപ്പും
ദാഹവുമകറ്റി കുത്തിയൊഴുകുന്ന നാളേക്ക് നേരെ
അലാറം ഒരുക്കിവെച്ച ടൈംപീസില്‍ സമയം നോക്കും.
ഒരു മണിമുഴക്കത്തിന്റെ പ്രതീക്ഷയുമായി അത്,
നിന്റെ നാളെയിലേക്ക് അടുക്കുകയാണ് എന്ന് പറയും.
തലയണ പറയും:
“നീ നാളെയോടുള്ള സ്നേഹം തലയില്‍ തേച്ച്
തലവെച്ചുറങ്ങി എണ്ണപ്പാട് എന്നില്‍ പതിപ്പിക്കുകയാണ്.
നീ എന്നിലിന്നണയുന്നത് നാളേയ്ക്ക് വേണ്ടിയാണ്.“
എല്ലാ നാളേകളിലും എണ്ണപ്പാട് നിന്നെ
ഓര്‍മ്മപ്പെടുത്തും,ഇതല്ല നിന്റെ നാളെയെന്ന്.
ഏയ് തലയണേ,നീ എന്തിനിങ്ങനെ മോഹിപ്പിക്കുന്നു,
കിട്ടിയത് കൊണ്ട് തൃപ്തിപ്പെടാന്‍ അനുവദിക്കാതെ?
തലയണ പറയും:
“നീ എന്നില്‍ നിന്റെ പ്രണയിനിയെ കുടിയിരുത്തി,
എല്ലാ ദിനങ്ങളിലും നീ എന്നെപ്പുണര്‍ന്നു,
എന്നിട്ടും നീ എന്തേ അവളെ കൊതിക്കുന്നു.“
രാത്രിയുടെ കൂരിരുട്ടില്‍ ഇന്നിന്റെ പുതപ്പെന്നെ മൂടുമ്പോള്‍
ഒറ്റയ്ക്കാക്കാതെ ചെവിയോട് ചേര്‍ത്ത് തലയണ പറയും:
“നാളെകള്‍ നിന്നെ ഉണര്‍ത്തുമോ എന്നറിയില്ല.
പ്രതീക്ഷകളില്ലാത്ത നാളെകളില്‍ വിശ്വസിക്കരുത്,
അവന്‍ നിന്നെ ഉണര്‍ത്തില്ല.“

ഈ സ്വപ്നങ്ങളെയെല്ലാം തലയില്‍ -
കയറ്റിയവന്‍ തലയണ.
എണ്ണപ്പാട് നിരന്തരം കാണിച്ചെന്നെ ഓര്‍മ്മപ്പെടുത്തുന്നവന്‍.
ഒരു നാള്‍ എന്റെ നാളെയെ ഞാന്‍ കണ്ടില്ലെന്നുവരാം.
ഇനിയെന്‍ പിന്‍തലമുറ ഉറപൊട്ടിച്ച്,
നാളെയിലേക്കുള്ള കാറ്റിനെ വിച്ഛേദിക്കുന്ന ഫാനിനിടയിലൂടെ,
സുഖശീതളങ്ങളുടെ മണിമാളികയിലൂടെ,
പറന്നുനടക്കാന്‍ അതിന് പാരതന്ത്ര്യമൊരുക്കും!

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP