ഉപ്പിലിട്ട മാങ്ങകള്‍
>> Tuesday, June 8, 2010

അടുക്കള മൂലയിലിരിക്കുന്ന അരയോളം ഉയരമുള്ള ഭരണിയില്‍
ഒളിച്ചിരിക്കുന്ന ഉപ്പിലിട്ടുവെച്ച ഒട്ടുമാങ്ങകളിലേക്കായിരുന്നു,
അമ്മൂമ്മ മുറ്റത്ത് മെടഞ്ഞിട്ടിരിക്കുന്ന ഓലകളില്‍ ചവിട്ടി വഴുതാതെ,
ചളിവെള്ളം ചവിട്ടിത്തെറിപ്പിച്ച് നീങ്ങാറ്.
നിധി പോലെ,ചാണകം മെഴുകിയ കൂട്ടയില്‍
മറച്ചുവെച്ചിട്ടുണ്ടാകും ആ ഭരണി.
രോമങ്ങള്‍ ചെരണ്ടിയ ചിരട്ടത്തവിയില്‍
പൊന്തിവരുന്ന ഉപ്പിലിട്ട മാങ്ങകള്‍ ലഹരിയുണ്ടാക്കാറ്
മുളച്ചിട്ടില്ലാത്ത അണപ്പല്ലിന്റെ അരികിലായിരുന്നു.
കഴിഞ്ഞുപോയ മാമ്പഴക്കാലത്ത് പെറുക്കിക്കൂട്ടിയ
ചള്ളും മൂത്തതും വാടിയതുമായ ഒട്ടുമാങ്ങകളുടെ ഈ കോലം
അമ്മൂമ്മയുടെ ബ്ലൌസിടാത്ത മുലകള്‍ പോലെയായിരുന്നു.
ഉപ്പുസത്യാഗ്രഹത്തിന്റെ പഴക്കമുള്ള അമ്മൂമ്മ ഭരണിയില്‍ നിന്ന്-
ഉപ്പിലിട്ടതെടുത്ത് കഞ്ഞിപ്പാത്രത്തിലേക്ക് ഇടുമ്പോള്‍
തൂങ്ങുന്ന മുലകള്‍ കണ്ട് ചിരിക്കാറുണ്ട്.
ഓര്‍മമ്മയിലില്ല പലതും,
ചുമരില്‍ തേച്ച കുമ്മായം പോലെ
ഓര്‍മ്മകള്‍ പലതും അടര്‍ന്ന് പോയിരുന്നു.
പൊട്ടിയ മൂലയോടിലേ കോരിച്ചൊരിയുന്ന മഴ
തുള്ളിത്തുള്ളിയായി കഞ്ഞിക്കലത്തിലേക്ക് വീഴുന്ന പോലെ,
ഓര്‍മ്മകള്‍ പലതും അരിച്ചെടുക്കപ്പെട്ടിരുന്നു.
---------------------------------------------------------
എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടാന്‍ അമ്മ നേരിട്ട് വന്നു.
കോരിച്ചൊരിയുന്ന മഴയെ വൈപ്പര്‍ തൂത്തെറിഞ്ഞു-
കളയുന്നുവെങ്കിലും വീട്ടിലേക്കുള്ള വഴി പോലും മനസ്സില്‍ വരുന്നില്ല.
കുശലാന്വേഷണങ്ങള്‍ക്കിടയില്‍ മക്കളുടെ ചോദ്യം:
‘ഞങ്ങള്‍ക്കും പെറുക്കി വെച്ചിട്ടുണ്ടാകില്ലേ ഗ്രാന്റ്മാ,
അച്ചന്റെ പ്രിയപ്പെട്ട ഉപ്പുമാങ്ങകള്‍?‘
അതിനിടയില്‍ എത്ര മുലകള്‍ കണ്ടു..
എത്ര രുചികള്‍ കൊണ്ടു..
അമ്മൂമ്മയുടെ തൂങ്ങുന്ന മുലകളും ഉപ്പിലിട്ടതും
പണ്ടേ മറന്നു പോയിരിക്കുന്നു.




