കുറച്ചുപേരെ കുറിച്ച്
>> Thursday, December 2, 2010
ഒരാള്‍ നല്ല വിശ്വാസിയായിരുന്നു.
കുറച്ചു വിശ്വാസികള്‍ ചേര്‍ന്ന് കൈയ്യും,
വിശ്വാസിക്കു വോട്ടു ചെയ്യാന്‍ പറഞ്ഞവര്‍ ചേര്‍ന്ന്
ജീവിതവുമെടുത്തു.
മറ്റൊരാള്‍ ഭയങ്കരം ആശയവാദിയായിരുന്നു.
ആശയങ്ങളെ തീവ്രമായി വാദിക്കാന്‍ പരിശീലിച്ചത്
സഹോദരന്റെ കൈയ്യെടുത്തായിരുന്നു.
വേറൊരാള്‍ ദൈവത്തിന്റെ കാവല്‍ക്കാരനായിരുന്നു.
ദൈവത്തിന് മെറിറ്റ് സീറ്റില്‍ അഡ്മിഷനായപ്പോള്‍
ദൈവത്തെ കുരിശിലേറ്റി.
ഇനിയുമുണ്ടൊരാള്‍,
രാഷ്ട്രനിര്‍മ്മാണമാണ് പോലും തൊഴില്‍.
ന്യൂനതകളോടുള്ള ആക്രാന്തം കാരണം
ന്യൂനപക്ഷത്തിന്റെ ജീവനും മാനവുമെടുത്തയാള്‍.
പിന്നെയും ചിലരുണ്ട്,
ഗാന്ധി നെയ്ത വെള്ളവസ്ത്രത്തില്‍
എത്ര ചോരവീണാലും
മതമുതലെടുപ്പിന്റെ സര്‍ഫില്‍ മുങ്ങുന്നവര്‍.
ആള്ക്കാര് ഇനിയും കുറച്ചുണ്ട്.
പക്ഷെ അനക്കാന്‍ നാവില്ല,
ഉയര്‍ത്താന്‍ വിരലില്ല.