ജീവിതം
>> Friday, December 25, 2009
ഒരുറുമ്പ് കാലില്‍ നിന്ന് കയറാന്‍ തുടങ്ങി.
ഇന്നലേം ഡോക്ടര്‍ പഞ്ചസാര കഴിക്കരുതെന്ന്-
പറഞ്ഞിട്ടും പഞ്ചാരമാങ്ങ എറിഞ്ഞിട്ട് തിന്നത്കൊണ്ടാകും.
പൂത്തുനില്‍ക്കുന്ന മാവില്‍നിന്ന്
കല്ല് കൊണ്ട് ഞെട്ടറ്റുവീഴുന്ന മാങ്ങകള്‍ക്കൊപ്പം
ചോണനുറുമ്പുണ്ടായിരുന്നു.
അവ മാവിലേക്ക് തിരിച്ചുകയറുന്ന ഒരു കയറ്റമുണ്ട്.
തലപ്പത്തെ ലഹരി തേടി തെങ്ങേറുന്നവനെപ്പോലെ.
വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് ഞാനൊരു മരമായി.
ഞാനിന്ന് തണലാവുന്നില്ല,
എനിക്കുമേല്‍ തണല്‍ വീഴുന്നുമില്ല.
ജനനം ഒരു ജീവിതത്തില്‍നിന്ന് ഞെട്ടറ്റുവീഴുന്ന
ഉറുമ്പിന്‍ കൂടെങ്കില്‍ മരണം ഒരു തിരിച്ചു കയറ്റം.
മണ്ണിന്റെ തുടക്കത്തില്‍നിന്ന് ചുക്കിച്ചുളിഞ്ഞ കാലില്‍
ഞരമ്പുകള്‍,വേരുകള്‍ പോല്‍ വിടര്‍ന്ന് നില്‍ക്കവേ
ഉറുമ്പിന്റെ കയറ്റം, പിന്തുടര്‍ച്ച പോല്‍.
എന്നോ മറഞ്ഞ ശുക്ലപ്പാടില്‍ത്തിരഞ്ഞ്
ഞെട്ടും അരക്കെട്ടും കടന്ന് ഒരു കയറ്റം,
മദ്ധ്യത്തില്‍ മറക്കുംവിധം ജനനം.
ചില്ലകളും കൈവിരലുകളുമരിച്ച്
അത് ഇന്നലെകളുടെ മധുരം തിരയും.
തേടിയ മധുരം ലഹരിയെന്നറിയുമ്പോള്‍
വെറുതേ എങ്കിലും വീണ്ടും ഒരു കല്ലേറിന് കാത്തിരിക്കും.
മരണത്തിലുമവന്‍ തിരയുന്നത്
മധുരമെന്ന ലഹരിയാണ്.