നാല് വാക്കുകള്‍
>> Sunday, June 5, 2011
മറവി
ചില മറവികള്‍ പ്രിയപ്പെട്ടവര്‍ക്ക്
തരാന്‍ പറ്റാത്ത സമ്മാനമാണ്.
കണ്ണെടുക്കാനാവാത്ത വര്‍ണ്ണക്കടലാസില്‍
പൊതിഞ്ഞതിനാലായിരിക്കണം
പൊട്ടിച്ചാസ്വദിക്കാന്‍ പറ്റാത്തത്.
മായ്ഞ്ഞു പോയത്
മായ്ച്ചാല്‍ മായാത്തത് എന്റെ ചുണ്ടു കൊണ്ട് -
നിന്നിലെഴുതുന്ന കവിത മാത്രമായിരുന്നു,
അതുകൊണ്ടല്ലേ നീ രുചിക്കാത്ത എന്റെ ചുണ്ടിലെ കവിത
എന്റെ ചിരി പോലെ മായ്ഞ്ഞുപോയത്.
കണ്ണ്
എന്റെ കണ്ണുകള്‍ നിന്റെ കണ്ണില്‍ നിന്നു പൊഴിയുന്ന കണ്ണീരു പോലെയാണ്,
ഒലിച്ചിറങ്ങി മടിയിലേക്ക് അറ്റു വീഴും വരെ അത് നിന്റെ കണ്ണുമായി നേര്‍ രേഖാ ബന്ധത്തിലായിരിക്കില്ല.
സ്വപ്നം
സ്വപ്നങ്ങള്‍ നിനക്കുവേണ്ടി അളവറിയാതെ വാങ്ങിയ കുപ്പിവളകള്‍ പോലെയാണ്,
പാകമായാല്‍ കൈത്തണ്ടയില്‍ കിടന്ന് കിലുങ്ങിച്ചിരിക്കും,
പാകമാകാത്തവ ചോരപൊടിച്ച് ചിതറിക്കിടക്കും.