..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

വര്‍ദ്ധിക്കുന്ന വഴികള്‍

>> Tuesday, June 22, 2010


എനിക്ക് നിന്നിലേക്കും നിനക്കെന്നിലേക്കും
ഒരേ വഴിയാണെന്ന് ഞാനെന്നോ പാടിയിരുന്നു.
വരിക്കപ്ലാവിന്റെ എത്താക്കൊമ്പില്‍ കെട്ടിയ ഊഞ്ഞാല്‍ പോലെ
നിന്നിലേക്കും എന്നിലേക്കും ഒരേ വഴിയായിരുന്നു.
നിന്റെ കൈയ്യാലപ്പുറത്തെ തെങ്ങിന്റെ തേങ്ങയും
ഇവിടുത്തെ പ്ലാവിന്റെ വരിക്ക ചക്കയും
ഇങ്ങോട്ടുമങ്ങോട്ടുമോടിയത് അതേ വഴിയിലേ തന്നെ.
മൂലയോടിലേ ഒഴുകിവരുന്ന മഴവെള്ളം മുറ്റവും കൈയ്യാലയും-
കടന്നൊഴുകിപ്പോയിരുന്നതും ഒരേ വഴിയിലേ തന്നെയായിരുന്നു.
ചാലിനു കുറുകേ നിന്നിലേക്കും എന്നിലേക്കും ചവിട്ടി-
പോകാന്‍ രണ്ട് തെങ്ങ് ചേര്‍ത്ത് വെച്ച പാലവും ഒന്നേ ഉണ്ടായിരുന്നുള്ളൂ.
അമ്മമാരുടെ കോഴിക്കറിയും പാല്‍പ്പായസവും,
ബാക്കിയാക്കപ്പെടാനിരിക്കുന്ന ചോറും ബാക്കിയാക്കപ്പെട്ട കുള്‍ത്തും*,
നിന്റെയും എന്റെയും പാത്രത്തിലേക്ക് ഒഴുകി വന്നതും ഒരേ വഴിയിലേ തന്നെ.
വഴിയില്‍ തളം കെട്ടിയ ചളിവെള്ളം വെള്ളമുണ്ടില്‍ പതിപ്പിക്കുന്ന
ബാര്‍ചെരുപ്പ് അച്ഛന്മാര്‍ക്ക് രണ്ടാള്‍ക്കും ഉണ്ടായിരുന്നല്ലോ.
അമ്മമാരുടെ നുണയിലെ നേരും അച്ഛന്മാരുടെ നേരിലെ നോവും
ഒഴുകിയ വഴിയും ഒന്ന് തന്നെ.
നിന്റെ മലയാളപുസ്തകവും എന്റെ കണക്ക് പുസ്തകവും
കടലാസുതോണികളായ് ഒഴുകിപ്പോയതും ഒരേ ഒഴുക്കില്‍.
റെയിലിന്റെ വക്കില്‍ നിന്നും പെറുക്കിയെടുത്ത കടലാസ് ഗ്ലാസിലേ,
വായില്‍ നിന്നും കാതിലേക്ക്,ശബ്ദമൊഴുകിപ്പോയതും ഒരേ നൂലിലൂടെ.
മഴക്കാലത്ത്,വഴിയോരത്തെ നനഞ്ഞ മണ്ണില്‍ ചിരട്ടകള്‍
അപ്പവും കിണറും വീടും തീര്‍ത്തിട്ടുണ്ട്.

ഈ വേനല്‍ക്കാലത്ത്, വരണ്ട മണ്ണിലേ കറുത്ത ടെലിഫോണ്‍-
കേബിളുകള്‍ ഇഴഞ്ഞുപോയത് ഇരു വഴികളിലേയാണ്.
എന്റെ പ്രണയമേ,നിന്നെ ഒരു ഫോണ്‍കോളിന്റെ
അകലത്തിലെത്തിച്ചത് ഏത് വഴിയാണ്?
നോക്കുകുത്തികളാക്കപ്പെട്ട ടെലിഫോണ്‍ പോസ്റ്റുകള്‍
വയലിലെ ഒരിക്കലും തൊടാത്ത അകലത്തില്‍ നില്‍ക്കുന്ന
ഗോള്‍പോസ്റ്റുകളാകുമ്പോള്‍
ഏതോ പിണക്കത്തിന്റെ ഗോളുകള്‍
ആയിരം വഴിയിലേ നിന്നിലും എന്നിലും നിറയുന്നു.
------------------------------------------------------------
*കുള്‍ത്ത്=പഴങ്കഞ്ഞി

9 comments:

അഭിജിത്ത് മടിക്കുന്ന് June 22, 2010 at 4:54 PM  

സമര്‍പ്പണം അകന്നു പോകുന്ന അയലത്തെ ബന്ധങ്ങള്‍ക്ക്

Umesh Pilicode June 22, 2010 at 6:52 PM  

അഭീ ...
നന്നായി എഴുതി ആശംസകള്‍ ....

സമാന്തരന്‍ June 22, 2010 at 10:29 PM  

ഇത് എല്ലാ ബന്ധങ്ങള്‍ക്കും വേണ്ടി എന്നാക്കട്ടെ ഞാന്‍ അഭീ?
ഒരു കിണ്ടിവായില്‍നിന്നും
വാലറ്റത്തേയ്ക്കുള്ള ദൂരത്തില്‍
നീയുണ്ടായിരുന്നു.
എന്‍ മുരടനക്കവും
നിന്‍ ചുണ്ടനക്കങ്ങളും
കാതു വഴി നാം
കരളിലെത്ര ചേര്‍ത്തുവെച്ചു.

ഇന്നിപ്പൊഴീക്കടല്‍
തീരത്താര്‍ത്തലച്ചൊടുങ്ങുമ്പോഴും
പിരിയന്‍ ഗോവണികയറി,
മട്ടുപ്പാവിലവിടെ നീ സ്വസ്ഥ-
മെന്നെന്നന്തരംഗം

Mohamed Salahudheen June 23, 2010 at 1:16 AM  

ആയിരം വഴിയിലേ നിന്നിലും എന്നിലും നിറയുന്നു.

Nice

രാമചന്ദ്രൻ വെട്ടിക്കാട്ട് June 23, 2010 at 11:32 AM  

എല്ലാ വഴികളും ഒഴുകിപ്പോയത് ഏതിലെയായിരിക്കാം?

Anees Hassan July 1, 2010 at 9:43 PM  

ആയിരം വഴികളിലൂടെ മുന്നേറുന്നത് നല്ലതാണ്

Jishad Cronic July 7, 2010 at 1:08 PM  

നന്നായി എഴുതി...

Unknown August 19, 2010 at 11:36 PM  

അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല...പറയാതെ വയ്യ..നന്നായിടുണ്ട്.......

SUJITH KAYYUR October 5, 2010 at 10:49 AM  

വഴികള്‍ നമ്മിലേക്ക്‌ ചുരുങ്ങാതിരിക്കട്ടെ

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP