..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

താടിയില്ലാത്ത ചെ ഗുവേര...!

>> Monday, July 13, 2009


ഷോപ്പിംഗ് മാളില്‍ വെറുതെ ഒന്ന് കറങ്ങാനിറങ്ങിയതാണ്.അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങുമ്പൊള്‍ തന്നെ എന്തൊക്കെയോ വാങ്ങിയ അനുഭൂതിയായിരുന്നു.വികാരങ്ങള്‍ ഉണ്ടാക്കുകയാണ് ഈ മാളുകളുടെയൊക്കെ ലക്ഷ്യം എന്ന് തോന്നിപ്പോകും.
ഇപ്പോഴത്തെ പരസ്യങ്ങളുടെയും ജോലി വ്യത്യസ്തമല്ലല്ലോ?
ഒരു തൊഴിലാളിയെ സ്പര്‍ശിച്ചാല്‍ അണുക്കള്‍ പകരുന്നതും,ഓട്ടോ തൊഴിലാളി ജനങ്ങളെ പറ്റിക്കുന്നതുമൊക്കെയാണല്ലൊ ഇന്നത്തെ പരസ്യങ്ങള്‍..
ചെ ഗുവേരയുടെ ചിത്രമുള്ള ടീഷര്‍ട്ട് വാങ്ങാനായിരുന്നു ന്യു ജനറേഷന്‍ എന്ന മെന്‍സ് വെയര്‍ ഷോപ്പില്‍ കയറിയത്.സേല്‍സ്മാനോട് ആവശ്യം അറിയിച്ചു.
"ഡാ സന്തോഷേ,നീ ആ ആക്ടേഴ്സിന്റെ സെക്ഷന്‍ ഇവര്‍ക്കൊന്ന് കാണിച്ച്കൊടുത്തേ.."
എന്നെ അല്‍പ്പം വിശാലമായ ഒരു നിലയലേക്ക് വിരല്‍ കൊണ്ട് നയിച്ച് അയാള്‍ മറ്റുള്ള കസ്റ്റമേഴ്സിനെ സ്വീകരിക്കുന്ന തിരക്കില്‍ മുഴുകി.
ഷാരൂഖ്ഖാന്റെയും അര്‍നോള്‍ഡിന്റെയും റോക്കിന്റെയും ഹാരിപോര്‍ട്ടറിന്റെയും ഇടയില്‍ ഒരു ചിരിയുമായ് നില്‍ക്കുന്ന ചെ ഗുവേരയെ കണ്ടു.വീട്ടിലുള്ള ചിത്രത്തില്‍ പൊലും ഇത്ര മനോഹരമായി ചിരിക്കുന്ന ചെ ഗുവേരയെ ഞാന്‍ കണ്ടിട്ടില്ല.
"അമേരിക്കയിലെ ഫേമസ് കമ്പനി ഗ്യാലക്സിയുടെയാ .നല്ല ഉഗ്രന്‍ കോട്ടണ്‍."
അവിടെ കണ്ടത് ചെ ഗുവേരയെന്ന പ്രശസ്തനായ നടനെ.
ജീവിതത്തില്‍ പൊലും ചെ ഗുവേര അഭിനയിച്ചതായി അറിവില്ല.
കടല്‍ കടന്നെത്തിയ ആ മാന്ത്രികനെയും കൊണ്ട് ഞാന്‍ ബില്ല് പേ ചെയ്യുന്നിടത്തേക്ക് നീങ്ങി.
ആവശ്യം നടന്ന സന്തോഷത്തോടെ ഞാന്‍ നാനൂറ്റി തൊണ്ണൂറ്റി ഒമ്പത് രൂപ പേ ചെയ്തു.അഞ്ഞൂറ് രൂപ കൊടുത്ത് ബാലന്‍സായി കിട്ടിയ ഒരുരൂപയില്‍ അശോകസ്തംഭമില്ലായിരുന്നു!
ഡിസംബര്‍ 20 രക്തസാക്ഷി ദിനത്തിന് ഇത് പോലുള്ള കുറേ ചെ ഗുവേരമാരെ ഞാന്‍ കണ്ടു.
കുറേ ചെ ഗുവേരമാരുടെ കണ്ണ് നഷ്ടപ്പെട്ടിരുന്നു.കുറേ പല്ല് പോയ ചെ ഗുവേരമാര്‍.
ചുവപ്പില്‍ കറുപ്പ് കൊണ്ടുള്ള ചിത്രമായിരുന്നു എന്റെ ഷര്‍ട്ടിലെ ചെ ഗുവേരക്ക്.
കൃത്യം മൂന്നാമത്തെ കഴുകലില്‍ ചെ ഗുവേരയുടെ റബ്ബര്‍ പെയിന്റ് ഇളകാന്‍ തുടങ്ങി.
പിന്നെ താമസിക്കാതെ ചെ ഗുവേരക്ക് എന്റെ വീട്ടിലെ മച്ചിന്‍പുറത്തെ പാളപ്പെട്ടിയിലെ ബൊളീവിയന്‍ കാടുകളില്‍ ഒളിക്കേണ്ടി വന്നു.പിന്നെ ബാറ്റിസ്റ്റയുടെ ജോലി വീട്ടിലെ എലിപ്പെട്ടിയില്‍ കുടുങ്ങാത്ത വെളുത്ത എലികള്‍ക്കായിരുന്നു..
കൊന്നവര്‍ തന്നെ പുനര്‍ജന്മം നല്കുമ്പോള്‍ അതിയായ ശക്തിയോടെ ഞാന്‍ പറഞ്ഞു പോകുന്നു,രക്തസാക്ഷികള്‍ക്ക് മരണമില്ല..

2 comments:

gerrad July 13, 2009 at 5:04 PM  

hai ,friends abhijith,valiya sambhavamane

അരുണ്‍  July 22, 2009 at 1:17 PM  

ചെ എന്നാല്‍ ആരാണെന്നു ചോദിയ്ക്കുന്ന സഖാക്കന്മാര്‍ ഉള്ള കേരളത്തില്‍ ചെ യുടെ റ്റി ഷര്‍ട്ടു വാങ്ങിയ കുറ്റിപെന്‍സിലിനു വന്ദനം

കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP